ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായി 123 സ്കൂളുകൾ
text_fieldsകുവൈത്ത് സിറ്റി: ഏപ്രിൽ നാലിന് നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ 123 സ്കൂളുകൾ പോളിങ് സ്റ്റേഷനുകളായി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ഡയറക്ടർ ഡോ.അഹ്മദ് അൽ ഹജ്രി അറിയിച്ചു. വോട്ടെടുപ്പിനായി 118 സ്കൂളുകളും വോട്ടുകൾ തരംതിരിക്കുന്നതിന് അഞ്ച് സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു. ഒരു സ്കൂളിൽ രണ്ട് ബൂത്തുകൾ എന്ന തോതിൽ പോളിങ് സ്റ്റേഷനുകൾ ക്രമീകരിക്കും. ആകെ 1,518 ബൂത്തുകളുണ്ടാകും. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ബാലറ്റ് പെട്ടികൾ അതത് കേന്ദ്രത്തിലെത്തിക്കും. 2,232 പുരുഷന്മാരും 2,639 സ്ത്രീകളും ഉൾപ്പെടെ 4,871 വളന്റിയർമാരുടെ സേവനവും തെരഞ്ഞെടുപ്പിലുണ്ടാകും.
വോട്ടർമാരെ സഹായിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും രംഗത്തുണ്ടാകും. തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 200ഓളം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഓരോ മണ്ഡലത്തിൽ നിന്നും 10 അംഗങ്ങളെ വീതം 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. സുഗമമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു. റമദാന് ആയതിനാല്‍ ഉച്ച മുതൽ അർധരാത്രി വരെയാണ് വോട്ടെടുപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതിനിടെ, തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കപ്പെട്ട സ്ഥാനാർഥികളുടെ അപ്പീലുകൾ കോടതി നിരസിച്ചു.
വ്യാഴാഴ്ച പൊതു അവധി
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാജ്യത്ത് പൊതു അവധി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർക്ക് വോട്ടുചെയ്യാൻ മതിയായ സമയം നൽകൽ, അവരുടെ പങ്കാളിത്തം ഉറപ്പാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.