ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മറ്റൊരു ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് കൂടി വ്യാഴാഴ്ച രാജ്യം സാക്ഷിയാകും. രാജ്യത്തെ അഞ്ച് മണ്ഡലങ്ങളിൽ ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് രാത്രി 12 മണിയോടെ അവസാനിക്കും. റമദാന് ആയതിനാല്‍ പോളിങ് ബൂത്തുകളിൽ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് റമദാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.
പത്തിലേറെ വനിതകള്‍ അടക്കം 200ഓളം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉള്ളത്. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. ഒന്നാം മണ്ഡലത്തില്‍ 41 സ്ഥാനാർഥികളും, രണ്ടാം മണ്ഡലത്തില്‍ 39 സ്ഥാനാർഥികളും, മുന്നാം മണ്ഡലത്തില്‍ 32 സ്ഥാനാർഥികളും, നാലാം മണ്ഡലത്തില്‍ 48 സ്ഥാനാർഥികളും, അഞ്ചാം മണ്ഡലത്തില്‍ 40 സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.
1996ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്ഥാനാർഥികളുടെ എണ്ണമാണിത്. പിരിച്ചുവിടപ്പെട്ട സഭയിലെ അംഗങ്ങളും നിരവധി മുൻ എംപിമാരും മത്സര രംഗത്തുണ്ട്. 123 സ്കൂളുകളിലായാണ് പോളിങ് ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. 834,733 വോട്ടർമാരാണ് രാജ്യത്ത് നിലവിലുള്ളത്. ബുധനാഴ്ച ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചു. തിരഞ്ഞെടുപ്പിന്റെ സുരക്ഷ തയാറെടുപ്പുകൾ അദ്ദേഹം അവലോകനം ചെയ്തു. വോട്ടെടുപ്പ് നടപടികൾ പൂർത്തിയാകുന്നതിന് പുറകെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.