ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: പത്രിക സ്വീകരിച്ചു തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: 18-ാം നിയമസഭാ കാലയളവിലേക്കുള്ള ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് സ്വീകരിച്ചു തുടങ്ങി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ടറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിൽ അപേക്ഷ സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ആദ്യ ദിവസമായ തിങ്കളാഴ്ച 42 പേർ പത്രിക നൽകി. ഇതിൽ രണ്ടു പേർ വനിതകളാണ്. മൂന്നാം മണ്ഡലത്തിൽ നിന്നാണ് വനിതകൾ പത്രിക നൽകിയത്.
ഒന്നാം മണ്ഡലത്തിൽനിന്ന് 11 പേർ, രണ്ടാം മണ്ഡലത്തിൽനിന്ന് 10 പേർ, മൂന്നാം മണ്ഡലത്തിൽ ഒമ്പത്, നാലാം മണ്ഡലത്തിൽ ഏഴ്, അഞ്ചാം മണ്ഡലത്തിൽനിന്ന് അഞ്ച് എന്നിങ്ങനെയാണ് പത്രിക നൽകിയവരുടെ എണ്ണം. ഈ മാർച്ച് 13ന് പ്രവൃത്തി സമയം അവസാനിക്കുന്നത് വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 പേർ എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
ഈ മാസം 15നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം അമീർ ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടനാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദേശീയ അസംബ്ലി പിരിച്ചു വിട്ടാൽ രണ്ടു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. ഇതു പ്രകാരമാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനും ജനങ്ങൾക്ക് എളുപ്പത്തിലും സുഗമമായും വോട്ടിങ് നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും വൈകാതെ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.