ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ എണ്ണം 104 ആയി
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള പത്രികസമര്‍പ്പണം തുടരുന്നു. പത്രികസമർപ്പണം ആരംഭിച്ചതിന്റെ നാലാം ദിവസമായ തിങ്കളാഴ്ച 19 സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ സ്ഥാനാർഥികളുടെ എണ്ണം രണ്ടു സ്ത്രീകൾ ഉൾപ്പെടെ 104 ആയി.
മൂന്നാം മണ്ഡലത്തിൽ ഡോ. ജനൻ ബുഷെഹ്രി തിങ്കളാഴ്ച രാവിലെ തെരഞ്ഞെടുപ്പുകാര്യ വകുപ്പിൽ സ്ഥാനാർഥിത്വ അപേക്ഷ സമർപ്പിച്ചു. മറ്റൊരു പ്രമുഖയായ ആലിയ അൽ ഖാലിദ് രണ്ടാമത്തെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ വനിതകൾ ഉൾപ്പെടെ കൂടുതൽ സ്ഥാനാർഥികൾ രംഗത്തുവരുമെന്നാണ് സൂചന.
ഒന്നാം മണ്ഡലത്തിൽ അഞ്ച്, രണ്ടാം മണ്ഡലത്തിൽ നാല്, മൂന്നാം മണ്ഡലത്തിൽ മൂന്ന്, നാലാം മണ്ഡലത്തിൽ നാല്, അഞ്ചാം മണ്ഡലത്തിൽ മൂന്ന് എന്നിങ്ങനെയാണ് തിങ്കളാഴ്ച പത്രിക നൽകിയവർ. ഇതോടെ പത്രിക സമർപ്പിച്ചവരുടെ ആകെ എണ്ണം ഒന്നാം മണ്ഡലത്തില്‍ 18, രണ്ടാം മണ്ഡലത്തില്‍ 26, മൂന്നാം മണ്ഡലത്തില്‍ 13, നാലാം മണ്ഡലത്തില്‍ 19, അഞ്ചാം മണ്ഡലത്തില്‍ 28 എന്നിങ്ങനെയാണ്.
രണ്ടാം മണ്ഡലത്തിലും മൂന്നാം മണ്ഡലത്തിലുമാണ് വനിതകളും പത്രിക സമര്‍പ്പിച്ചത്. ഈ മാസം 14 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ജൂൺ ആറിനാണ് തെരഞ്ഞെടുപ്പ്. അസാധുവാക്കിയ രണ്ട് അസംബ്ലിയിലെ മുൻ എം.പിമാരടക്കം മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പ്രമുഖരാരും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുൻ സ്പീക്കർമാരായ അഹ്മദ് അൽ സദൂൻ, മർസൂഖ് അൽ ഗാനിം എന്നിവരും നിലപാട് അറിയിച്ചിട്ടില്ല. ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ഡോ. ബദർ അൽ മുല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ഇദ്ദേഹവും ഇതുവരെ പത്രിക നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.