ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: ഒരുക്കം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം. പോളിങ് ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് തെരഞ്ഞെടുപ്പ് വകുപ്പ്. സ്ഥാനാർഥികൾ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി വിവിധ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് ഓഫിസുകളും ഉയർന്നുകഴിഞ്ഞു. വിവിധ ഗവർണറേറ്റുകളിലുമായി 80 വേദികൾക്ക് ലൈസൻസ് നൽകിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. 22 അപേക്ഷകൾ പരിശോധിച്ചുവരുകയാണെന്നും പബ്ലിക് റിലേഷൻസ് ഡയറക്ടറും മുനിസിപ്പാലിറ്റി വക്താവുമായ മുഹമ്മദ് അൽ മുതൈരി പറഞ്ഞു. വരുംദിവസങ്ങളിൽ ഇവിടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാനാർഥികൾ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കും.
അതിനിടെ, 2022ലെ ദേശീയ അസംബ്ലി അസാധുവാക്കിയതിനെ ചോദ്യംചെയ്യുന്ന കേസിൽ ഭരണഘടന കോടതി വിധി പ്രഖ്യാപിക്കുന്ന തീയതി നിശ്ചയിച്ചതായി കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. മേയ് 24നാകും വിധിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാൽ കോടതിവിധി സ്ഥാനാർഥികളും രാഷ്ട്രീയവൃത്തങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നേരത്തേ പാര്‍ലമെന്റ് അംഗങ്ങള്‍ നല്കിയ ഹരജിയിലാണ് 2022 സെപ്റ്റംബർ 29ലെ തെരഞ്ഞെടുപ്പ് ഭരണഘടന കോടതി അസാധുവാക്കിയത്. 2020ലെ ദേശീയ അസംബ്ലി കോടതി പുനഃസ്ഥാപിച്ചുവെങ്കിലും അമീർ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്നാം പൊതുതെരഞ്ഞെടുപ്പിനാണ് ജൂണ്‍ ആറിന് കുവൈത്ത് സാക്ഷ്യംവഹിക്കുന്നത്.
15 സ്ത്രീകൾ ഉൾപ്പെടെ 252 സ്ഥാനാർഥികളാണ് നിലവിൽ മത്സരത്തിനായി പത്രിക സമർപ്പിച്ചിട്ടുള്ളത്. സ്ഥാനാർഥികളുടെ എണ്ണം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞതുമായ ഒന്നാണ് ഇത്. വോട്ടെടുപ്പ് തീയതിക്ക് ഒരാഴ്ച മുമ്പ് വരെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ അവസരമുള്ളതിനാൽ മത്സര രംഗത്തുള്ളവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.