ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; അവശതയില്ലാതെ മുതിർന്ന പൗരന്മാർ
text_fieldsതെരഞ്ഞെടുപ്പിനായി പോളിങ് സ്റ്റേഷനുകൾ തുറന്നതു മുതൽ, വോട്ട് രേഖപ്പെടുത്താൻ പ്രായമായവരുടെ വലിയ തിരക്കാണ് ഉണ്ടായത്. കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനങ്ങളുടെയും പ്രതീക്ഷകൾ സാക്ഷാത്കരിക്കുന്നതിന് മുതിർന്ന പൗരന്മാർ വോട്ടിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.
കനത്ത ചൂട് കാരണം രാവിലെയും ഉച്ചകഴിഞ്ഞുമാണ് മുതിർന്ന പൗരന്മാർ ഭൂരിപക്ഷവും പോളിങ് സ്റ്റേഷനുകളില് എത്തിയത്. സ്ത്രീ വോട്ടർമാരും രാവിലെ മുതൽ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം വോട്ടർമാരായ 7,93,646 പേരിൽ 4,06,895 സ്ത്രീകളാണ്.
കെ.ആർ.സി.എസ് വളന്റിയർമാർ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പ്രക്രിയ സുഗമമാക്കുന്നതിന് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) വളന്റിയർമാർ ആത്മാർഥമായ സേവനം കാഴ്ചവെച്ചു. പ്രായമായവരെയും വൈകല്യമുള്ളവരെയും സഹായിക്കാൻ കെ.ആർ.സി.എസ് വളന്റിയർമാർ രംഗത്തുണ്ടായിരുന്നു.
ഇത്തരക്കാരെ വാഹനങ്ങളിൽനിന്ന് ഇറങ്ങാനും വോട്ട് രേഖപ്പെടുത്താനും വളന്റിയർമാർ സഹായിച്ചു. വീൽചെയറുകളിൽ സഞ്ചരിക്കാനും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനും കെ.ആർ.സി.എസ് വളന്റിയർമാർ മുന്നിലുണ്ടായിരുന്നു. സേവനത്തിലൂടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാറി ഇവർ.
സേവനങ്ങളുമായി ആരോഗ്യമന്ത്രാലയം
എല്ലാ വോട്ടർമാർക്കും ഉയർന്ന തലത്തിലുള്ള ആരോഗ്യ സുരക്ഷ നൽകുന്നതിനായി അഞ്ചു നിയോജക മണ്ഡലങ്ങളിലും ആരോഗ്യമന്ത്രാലയം ജാഗ്രത പുലർത്തി. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മെഡിക്കൽ ടീമിനെ സജ്ജീകരിച്ചിരുന്നു. പൂർണ സജ്ജീകരണങ്ങളുള്ള 30 ആംബുലൻസുകൾ തയാറായിരുന്നു. 123 മെഡിക്കൽ ക്ലിനിക്കുകളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന 740 അംഗ സംഘവും സേവനത്തിനായി ഉണ്ടായിരുന്നു.
കനത്ത ചൂട് കണക്കിലെടുത്ത് നന്നായി ഭക്ഷണം കഴിക്കാനും ജലാംശം നിലനിർത്താനും ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും വിട്ടുമാറാത്ത രോഗങ്ങളുള്ളവർ പതിവായി മരുന്ന് കഴിക്കാനും ആരോഗ്യമന്ത്രാലയം വോട്ടർമാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.