ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് : വിധിയെഴുതി കുവൈത്ത് ജനത
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയായ 'മജ്ലിസുൽ ഉമ്മ' യിലേക്കുള്ള വോട്ടെടുപ്പിൽ ഒരിക്കൽ കൂടി രാജ്യത്തെ ജനങ്ങൾ വിധിയെഴുതി. കനത്ത പോരാട്ടം നടന്ന 17ാമത് അസംബ്ലിയിലേക്കുള്ള മത്സരത്തിൽ ആരെല്ലാം വിജയികളാകുമെന്ന് വെള്ളിയാഴ്ച പുലർച്ചയോടെ വ്യക്തമാകും. സ്ഥിരതയുള്ള പാർലമെന്റ് എന്ന ആഗ്രഹത്തിലാണ് ജനങ്ങൾ വ്യാഴാഴ്ച പോളിങ് ബൂത്തുകളിലെത്തിയത്.
രാവിലെ എട്ടു മുതൽ ആരംഭിച്ച വോട്ടെടുപ്പിൽ വൈകീട്ട് എട്ടുവരെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തി. എട്ടോടെ വോട്ടെടുപ്പ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അധികൃതർ ബാലറ്റ് തരംതിരിച്ച് എണ്ണൽ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാകും പൂർണ ഫലം പുറത്തുവരുക. ജനങ്ങൾ സമാധാനപരമായും സ്വതന്ത്രമായും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വേട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. പൊലീസും സന്നദ്ധസംഘടനയായ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.എസ്)യും വോട്ടർമാരെ സഹായിക്കുന്നതിനായി ഇടപെട്ടു. അടിയന്തര സജ്ജീകരണങ്ങളുമായി ആരോഗ്യമന്ത്രാലയവും രംഗത്തുണ്ടായിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.
118 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. വോട്ടെടുപ്പ് ആരംഭിച്ച എട്ടുമണി മുതൽ ബൂത്തുകളിൽ ജനസാന്നിധ്യം ഉണ്ടായി. ഉച്ചവരെ കനത്തപോളിങ്ങാണ് പലയിടത്തും രേഖപ്പെടുത്തിയത്. ഉച്ചയോടെ അൽപം കുറഞ്ഞ പോളിങ് ശതമാനം വൈകീട്ടോടെ വീണ്ടും ഉയർന്നു. സ്ത്രീ വോട്ടർമാരുടെ വലിയ സാന്നിധ്യം ബൂത്തുകളിലുടനീളം ദൃശ്യമായി. സമ്മതിദായകരിൽ 51 ശതമാനവും സ്ത്രീകളാണ്. പുതുക്കിയ വോട്ടർപട്ടിക പ്രകാരം 795,911 വോട്ടർമാരാണ് രാജ്യത്തുള്ളത്.
ദേശീയ അസംബ്ലിയിലെ 50 സീറ്റുകളിലേക്കായി 27 വനിതകൾ അടക്കം 305 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തിറങ്ങിയത്. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം 50 പേരാണ് ദേശീയ അസംബ്ലിയിലെത്തുക.
അഞ്ചാം മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തിറങ്ങിയത്; 82 പേർ. നാലാം മണ്ഡലത്തിൽ 80 സ്ഥാനാർഥികളുണ്ടായിരുന്നു. ഒന്നും രണ്ടും മണ്ഡലങ്ങളിൽ 48 വീതം സ്ഥാനാർഥികൾ മത്സരിച്ചു. മൂന്നാം മണ്ഡലത്തിൽ 47 പേർ രംഗത്തിറങ്ങി.
അഭിപ്രായ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാസം ആദ്യത്തിൽ അമീർ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് മറ്റൊരു തെരഞ്ഞെടുപ്പിനുകൂടി രാജ്യം സാക്ഷിയായത്.
സഹായമായി റെഡ് ക്രസന്റ് സൊസൈറ്റി
കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി(കെ.ആർ.എസ്) സേവനം വോട്ടർമാർക്ക് സഹായമായി. വോട്ടർമാരെ വാഹനങ്ങളിൽ നിന്നിറക്കാനും ബൂത്തിലെത്തിക്കാനും വോട്ടിങ്ങിന് സഹായിക്കാനും വളൻറിയർമാർ സജീവമായിരുന്നു. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ എട്ടുമുതൽ രാജ്യത്താകമാനമുള്ള പോളിങ് ബൂത്തുകളിൽ ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. 200 കെ.ആർ.എസ് വളന്റിയർമാരാണ് ഇതിനായി രംഗത്തിറങ്ങിയത്.
പ്രത്യേക ക്ഷണിതാക്കളായി മലയാളികൾ
കുവൈത്ത് സിറ്റി: നാഷനൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയവരിൽ മലയാളികളും. മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, പ്രമുഖ മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയൽ, എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവരാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരും റിപ്പോർട്ടർമാരുമായി കുവൈത്തിലെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണിതാക്കളായി നാഷനൽ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും കവറേജിനുമായി മീഡിയവണിന് ക്ഷണം ലഭിക്കുന്നത്. ജോർജ് കള്ളിവയൽ, എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവരും നേരത്തേയുള്ള തെരഞ്ഞെടുപ്പുകളിൽ കുവൈത്തിലെത്തിയിട്ടുണ്ട്. എം.ഡി നാലപ്പാടിനും ഇത്തവണ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി 80 രാജ്യങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകർ ഇത്തവണ കുവൈത്തിലെത്തിയതായി വിദേശ മാധ്യമകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മീഡിയ സെന്റർ മേധാവിയുമായ മാസിൻ അൽ അൻസാരി പറഞ്ഞു. ഇവർക്കായി വിപുലമായ മീഡിയ സെന്ററും വോട്ടെടുപ്പ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
വനിത സാന്നിധ്യം വർധിച്ചു
കുവൈത്ത് സിറ്റി: പതിനേഴാം അസംബ്ലി തെരഞ്ഞെടുപ്പിൽ വനിത സാന്നിധ്യം സജീവം. വിവിധ പ്രായത്തിലുള്ള വോട്ടർമാരായ ഭൂരിഭാഗം വനിതകളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന വനിതകളുടെ എണ്ണവും ഇത്തവണ കൂടി. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊലീസ് എന്നിവയുടെ ഭാഗമായ വനിതകൾ തെരഞ്ഞെടുപ്പ് ചുമതലകളും ഭംഗിയായി നിറവേറ്റി. സ്ഥാനാർഥികളുടെ കൂടെയും വളന്റിയർമാരായും നിരവധി പേർ വോട്ടെടുപ്പിന്റെ ഭാഗമായി.
സ്ത്രീകളുടെ ഉയർന്ന നിലയിലുള്ള രാഷ്ട്രീയബോധമാണ് അവരെ പോളിങ് കേന്ദ്രങ്ങളിലെത്തിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ആകെ വോട്ടർമാരിൽ 50 ശതമാനത്തിലേറെ സ്ത്രീകളാണ്. ഇതും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാൻ അവരെ പ്രാപ്തരാക്കി.
മികച്ച സേവനവുമായി ആരോഗ്യ മന്ത്രാലയവും
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച സേവനവുമായി ആരോഗ്യ മന്ത്രാലയവും. രാജ്യത്തുടനീളമുള്ള പോളിങ് സ്റ്റേഷനുകളിൽ ആരോഗ്യ മന്ത്രാലയം പ്രത്യേക ക്ലിനിക്കുകൾ തുറന്നു. വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാർക്കും സ്ഥാനാർഥികൾക്കും തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്കും ആരോഗ്യസേവനങ്ങൾ നൽകി. രാജ്യത്തുടനീളമുള്ള പോളിങ് സ്റ്റേഷനുകളിൽ വ്യാഴാഴ്ച 123 പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.