ദേശീയ ദിനാഘോഷം: സ്പ്രേ തെറിപ്പിച്ചാൽ വാഹനം കസ്റ്റഡിയിലെടുക്കും
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കുമെതിരെ വെള്ളവും ഫോം സ്പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പ്.അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ഖൈറാൻ, വഫ്ര, കബ്ദ്, സുബ്ബിയ, ശൈഖ് ജാബിർ പാലം, അബ്ദലി തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 8000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം പൊതുജന സമ്പർക്ക അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൗബി പറഞ്ഞു.
കാൽനടക്കാരുടെയും മറ്റും ദേഹത്ത് മഴവെള്ളം തെറിക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ രാജ്യം ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലേക്ക് പ്രവേശിക്കുന്ന മാസമാണ്. വ്യത്യസ്ത തരം ആഘോഷ പരിപാടികളാണ് ഈ കാലത്ത് നടക്കുക.
അതിൽ പങ്കാളികളാകേണ്ടതും വിജയിപ്പിക്കേണ്ടതും ദേശസ്നേഹത്തിന്റെ ഭാഗമാണ്. അതേസമയം, മറ്റുള്ളവർക്ക് പ്രയാസവും ശല്യവുമാവുന്ന രീതികളിലേക്ക് ആഘോഷം വഴിമാറാതിരിക്കാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷ നിർദേശം.
ആഘോഷവേളയിലും അല്ലാത്തപ്പോഴും ദേശീയപതാക ഉപയോഗിക്കുന്നതിൽ സൂഷ്മത പുലർത്തുക, പതാകയെ അനാദരിക്കുന്ന നടപടി കരുതിയിരിക്കുക, രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ സംഗതികളിൽനിന്ന് വിട്ടുനിൽക്കുക, മറ്റുള്ളവർക്ക് തടസ്സമാകുന്ന തരത്തിൽ റോഡുകളിൽ സംഘടിതമായി നീങ്ങുന്നത് ഒഴിവാക്കുക, സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, അമിതവേഗതയിൽ വാഹനമോടിക്കാതിരിക്കുക, ട്രാഫിക് നിർദേശം പാലിക്കുക, സന്തോഷവും ആഘോഷവും പരിധിവിടാതിരിക്കുക, കുട്ടികളെ പാതയോരങ്ങളിൽ ഒറ്റക്ക് നിർത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.