കുവൈത്ത് ദേശീയദിനാഘോഷം; ഇത്തവണ മാലിന്യം കുറവ്
text_fields70 ശതമാനത്തോളം കുറവെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി
കുവൈത്ത് സിറ്റി: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് തെരുവിൽ മാലിന്യക്കൂമ്പാരമുണ്ടാകുന്ന പ്രവണത ഗണ്യമായി കുറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തെരുവുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളുടെ തോതിൽ 70 ശതമാനം കുറവുണ്ടായതായി മുനിസിപ്പാലിറ്റി ശുചീകരണ വിഭാഗം പറഞ്ഞു.
അധികം മാലിന്യനിക്ഷേപക്കൊട്ടകൾ സ്ഥാപിച്ചതാണ് തെരുവിൽ മാലിന്യം തള്ളുന്നത് കുറയാൻ കാരണം. ആഘോഷം നടക്കുന്ന ഭാഗങ്ങളിൽ മുനിസിപ്പാലിറ്റിയുടെ പ്രത്യേക കരുതലുണ്ടായിരുന്നു. വിവിധ മേഖലകളിലും ഹൈവേകളും പൊതു ശുചിത്വ വകുപ്പുകളും വിപുലമായ ശുചീകരണ കാമ്പയിനുകൾ നടത്തി. പാർക്കിങ് സ്ഥലങ്ങൾ, ആഘോഷസ്ഥലങ്ങൾ, ഹരിതപ്രദേശങ്ങൾ തുടങ്ങിയവ നന്നായി വൃത്തിയാക്കി.
കാർഷിക മേഖലയിലെ പ്രാന്തപ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഫാമുകളിലും നടത്തിയ ശുചീകരണ കാമ്പയിനിൽ മൂന്നു ക്ലീനിങ് കമ്പനികളും പങ്കെടുത്തു.
അവബോധ കാമ്പയിനും ഗുണം ചെയ്തതായാണ് അധികൃതരുടെ വിലയിരുത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ആഘോഷാനന്തരം തെരുവുകൾ വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികൾ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ബലൂണുകളും കളിക്കോപ്പുകളും തോരണങ്ങളുമെല്ലാം ചില ഭാഗങ്ങളിൽ വാരിവിതറിയപോലെ ഉണ്ടായിരുന്നു.
അറേബ്യൻ ഗൾഫ് സ്ട്രീറ്റിലും കബ്ദ്, വഫ്ര, അബ്ദലി തുടങ്ങിയ കാർഷിക മേഖലയിലുമാണ് കാര്യമായ ആഘോഷം നടന്നത്.
ദേശീയദിനാഘോഷ പരിപാടിയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.