ദേശീയ ദിനം: ആഘോഷപ്പൊലിമയിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അധിനിവേശത്തിെൻറ കറുത്ത ദിനരാത്രങ്ങളിൽനിന്ന് മോചിതരായ കുവൈത്തിന് ഇന്ന് വിമോചനപ്പെരുന്നാൾ. ഞായറാഴ്ച രാജ്യം 57ാം ദേശീയദിനം സമുചിതമായി ആഘോഷിച്ചു. തെരുവുകളിൽ ആവേശം തിരതല്ലിയപ്പോൾ ജനഹൃദയങ്ങൾ ദേശാഭിമാനത്തിെൻറ കൊടുമുടിയേറി.
രാജ്യത്തിെൻറ മുക്കുമൂലകളിലും വാഹനങ്ങളിലും കുവൈത്ത് ദേശീയ പതാക പാറിപ്പറക്കുന്നത് കാണാമായിരുന്നു. ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിെൻറ ഓർമ പുതുക്കിയാണ് ദേശീയദിനം ആഘോഷിച്ചതെങ്കിൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിെൻറ ഓർമക്കായാണ് വിമോചനദിനാഘോഷം. രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ വന്നത് സന്തോഷം ഇരട്ടിയാക്കി. രാജ്യത്തെ വിദേശി സമൂഹവും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിച്ചും ആഘോഷപരിപാടികൾ നടക്കുന്നയിടങ്ങളിൽ സന്ദർശിച്ചും സന്തോഷത്തിൽ പങ്കാളികളായി.
ദേശീയ പതാകയും അമീറിെൻറയും മറ്റും പടങ്ങളും ആലേഖനം ചെയ്ത ശരീരങ്ങളുമായി കൊച്ചുകുട്ടികളും ബാലികാബാലന്മാരും റോഡുകളും തെരുവുകളും കൈയടക്കി. പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കിട്ട രാജ്യനിവാസികൾ ദേശസ്നേഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്തു. 27 വർഷം മുമ്പ് ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈെൻറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. ലോകഭൂപടത്തിൽനിന്ന് കുവൈത്ത് എന്ന രാജ്യത്തെ തന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകൾ പാഞ്ഞടുത്തത്. കുവൈത്തിനെ ഇറാഖിെൻറ 19ാമത് ഗവർണറേറ്റ് ആക്കുകയായിരുന്നു അയൽരാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം. സ്വതന്ത്ര പരമാധികാര രാജ്യത്തെ തകർത്ത് കാൽക്കീഴിലാക്കാനുള്ള സദ്ദാമിെൻറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിെൻറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു.
അന്യായമായ കടന്നുകയറ്റം സദ്ദാമിെൻറ അധികാര സിംഹാസനം നഷ്ടപ്പെടുത്തുന്നതിലാണ് പര്യവസാനിച്ചത്. ഒടുവിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈകൊണ്ട് മരണവും ആ സ്വേച്ഛാധിപതിയെ തേടിയെത്തി. 27 ആണ്ടുകൾക്കിപ്പുറവും അധിനിവേശത്തിെൻറ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും ഓർമയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിെൻറ ദുരിതം അനുഭവിച്ചു. മരണം മുന്നിൽകണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല.
എന്നാൽ, തങ്ങളെ തകർത്തു തരിപ്പണമാക്കിയ ഇറാഖിനെ നല്ല അയൽക്കാരായി കണ്ട് അവിടത്തെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ഉദാത്തമായ മാതൃകകാട്ടിയാണ് കുവൈത്ത് മധുരമായ പ്രതികാരം ചെയ്തത്. മറ്റൊരു യുദ്ധത്തിൽ തകർന്നടിഞ്ഞ ഇറാഖിെൻറ പുനരുദ്ധാരണത്തിന് കുവൈത്തിെൻറ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത സഹായ ഉച്ചകോടി വേറിട്ട അനുഭവമായിരുന്നു. 30 ബില്യൻ ദീനാറാണ് ഉച്ചകോടിയിലൂടെ സമാഹരിച്ചത്. അധിനിവേശ ഭീകരതയിൽനിന്ന് ഉയിർത്തെഴുന്നേറ്റ കുവൈത്ത് ഇന്ന് ലോകത്തിന് മാതൃകയാവുകയാണ്. കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വൻ വികസനക്കുതിപ്പിലാണ്. േലാകത്തിെൻറ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തീർക്കുന്നതിന് ഇടനിലക്കാരായും പ്രകൃതിദുരന്തങ്ങളാലും ആഭ്യന്തര സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും നന്മയുടെ വഴിയേ മുന്നിൽ നടക്കുകയാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.