ദേശീയ-വിമോചന ദിനം; കുവൈത്തിൽ ആഘോഷങ്ങൾക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: രാജ്യം ദേശീയ-വിമോചന ദിനാഘോഷങ്ങളിലേക്കു കടക്കവെ എങ്ങും ഉത്സവ മൂഡ്. കെട്ടിടങ്ങൾ, ഓഫിസുകൾ, വീടുകൾ എന്നിവിടങ്ങളിൽ കൊടിതോരണങ്ങൾ ഉയർന്നതിനൊപ്പം വിവിധങ്ങളായ പരിപാടികൾക്കും തുടക്കമായി. ആഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കൂടിച്ചേരലുകൾക്കും യാത്രകൾക്കും പലരും ഈ ദിനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ദേശീയദിനാഘോഷങ്ങളും അവധിദിനങ്ങളും കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ആഭ്യന്തര മന്ത്രാലയം ശക്തിപ്പെടുത്തി. പൂർണ ജാഗ്രതയും നിയമലംഘനങ്ങളെ ശക്തമായി നേരിടുകയും ചെയ്യണമെന്ന് ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ഉദ്യോഗസ്ഥരെ ഉണർത്തി.
നിഷേധാത്മക പെരുമാറ്റം, ഗതാഗതക്കുരുക്കിൽ ഇടപെടൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, അശ്രദ്ധമായ പ്രവൃത്തികൾ എന്നിവ കണ്ടാൽ നടപടിയെടുക്കണം. അതേസമയം, ഇടപെടലുകളിൽ മാന്യത പാലിക്കാനും പൊതുജനങ്ങൾക്ക് മാനുഷിക സഹായം നൽകാനും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് ആഹ്വാനംചെയ്തു. പ്രത്യേക ആവശ്യങ്ങൾ ഉള്ളവരെ ആ നിലക്ക് പരിഗണിക്കണം. രാജ്യത്തുടനീളമുള്ള ട്രാഫിക് പട്രോളിങ്ങിന്റെ സ്ഥാനം ഉൾപ്പെടെയുള്ള സുരക്ഷാവിന്യാസ പദ്ധതികളും ചർച്ചചെയ്തു.
വെടിക്കെട്ട് ചൊവ്വാഴ്ച
കുവൈത്ത് സിറ്റി: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് ചൊവ്വാഴ്ച രാത്രി നടക്കും. രാത്രി എട്ടിനാണ് കരിമരുന്നുപ്രയോഗമെന്ന് ദേശീയ ആഘോഷങ്ങളുടെ സ്ഥിരം സമിതി അറിയിച്ചു. ഗ്രീൻ ഐലൻഡ് മുതൽ കുവൈത്ത് ടവർ വരെയാകും വെടിക്കെട്ട്.
നേരത്തേ ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈത്ത് ടവർ എന്നിവിടങ്ങളിൽ വെടിക്കെട്ട് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഷോക്കൊപ്പം ലേസർ ലൈറ്റിങ് ഡിസ്പ്ലേകളും അതിശയിപ്പിക്കുന്ന ദൃശ്യപ്രകടനങ്ങളും ഉണ്ടാകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. ആഹ്ലാദകരമായ അവസരങ്ങളുടെ സ്മരണക്കായി ദേശീയ ആഘോഷങ്ങളിലുടനീളം നിരവധി പ്രദർശനങ്ങളും ചടങ്ങുകളും നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.
ജഹ്റ റെഡ് പാലസിൽ വനിതകളുടെ ആഘോഷം
കുവൈത്ത് സിറ്റി: ദേശീയ-വിമോചനദിനത്തോടനുബന്ധിച്ച് കുവൈത്ത് വളന്റിയർ വിമൻസ് അസോസിയേഷൻ ഫോർ കമ്യൂണിറ്റി സർവിസസ് ജഹ്റ റെഡ് പാലസിൽ ആഘോഷം സംഘടിപ്പിച്ചു. ജഹ്റ യുദ്ധത്തിൽ പങ്കെടുത്ത മുൻതലമുറയുടെ വീരഗാഥകളുടെ സമ്പന്നമായ ചരിത്രം രേഖപ്പെടുത്തുന്ന ഇടമാണ് ജഹ്റയെന്ന് സംഘടന ചെയർവുമൺ ശൈഖ ഫാദിയ സാദ് അൽ അബ്ദുല്ല അൽ സലീം അസ്സബാഹ് പറഞ്ഞു.
പ്രധാന കെട്ടിടങ്ങളിലൊന്നിലാണ് വർഷവും ആഘോഷം സംഘടിപ്പിക്കാറുള്ളത്. മാതൃരാജ്യത്തിന്റെ പ്രതിരോധത്തിലും വീണ്ടെടുപ്പിലും കുവൈത്തികൾക്കുള്ള സന്തോഷം പ്രകടമാക്കുന്ന അവസരമാണിത്.
കുവൈത്ത് സ്കൗട്ട് ടീമിന്റെ സ്വാഗതപരിപാടി, കുട്ടികൾക്കായുള്ള രചനമത്സരങ്ങൾ, ബാൻഡ് ഗാനം, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, 965 എക്സ്പോ ഗ്രൂപ്, പ്രോജക്ട് ലീഡേഴ്സ് ടീം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പൈതൃക പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.