ദേശീയ-വിമോചന ദിനം; മണ്ണിലും വിണ്ണിലും ആഘോഷം
text_fieldsകുവൈത്ത് സിറ്റി: സ്വാതന്ത്ര്യത്തിന്റെയും അധിനിവേശ മോചനത്തിന്റെയും സ്മരണ പുതുക്കി രാജ്യം ഒരിക്കൽ കൂടി ദേശീയ-വിമോചന ദിനങ്ങൾ ആഘോഷിച്ചു. ദുസ്സഹമായ ഓർമകളുടെ ചരിത്രത്തിൽനിന്ന് വളർച്ചയുടെയും ഉയർച്ചയുടെയും പുതിയ പടവുകൾ അടയാളപ്പെടുത്തി അഭിമാനകരമായ മുഹൂർത്തങ്ങളിലൂടെയാണ് രാജ്യം 63ാമത് ദേശീയദിനവും 33ാമത് വിമോചന ദിനവും പിന്നിട്ടത്.
ആറു പതിറ്റാണ്ടുമുമ്പ് ബ്രിട്ടന്റെ കോളനി രാജ്യത്തിൽനിന്ന് വിമോചിതമായി സ്വതന്ത്രമായി മുന്നേറുകയായിരുന്ന കുവൈത്ത് മൂന്നു പതിറ്റാണ്ടുമുമ്പ് ഇറാഖ് അധിനിവേശത്തിൽ വീണ്ടും തളർന്നുപോയതാണ്. എന്നാൽ, തളർന്നു നിൽക്കലല്ല, കുതിച്ച് മുന്നേറലിലാണ് ശക്തിയെന്ന് രാജ്യം വൈകാതെ തെളിയിച്ചു.
ഇന്ന് രാജ്യം വികസനക്കുതിപ്പിലാണ്. അതിനൊപ്പം ലോകത്തിന്റെ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലെ സംഘർഷങ്ങൾ തീർക്കുന്നതിന് ഇടനിലക്കാരായും പ്രകൃതി ദുരന്തങ്ങളാലും ആഭ്യന്തര സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും നന്മയുടെ വഴിയേ മുന്നിൽ നടക്കുന്നു. ദേശീയ വിമോചന ദിനങ്ങളായ ഞായർ, തിങ്കൾ ദിവസങ്ങളിൽ വലിയ ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ദേശീയപതാകകളുമായി ജനങ്ങൾ തെരുവിൽ ആഹ്ലാദം പങ്കുവെച്ചു. കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി. പാർക്കുകളിലും ബീച്ചുകളിലും ജനം ഒഴുകിയെത്തി. മാളുകൾ വ്യത്യസ്ത കലാരൂപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കുവൈത്ത് ടവറും ഗൾഫ് സ്ട്രീറ്റും ഗ്രീൻ ഐലൻഡും ആഘോഷങ്ങളുടെ കേന്ദ്രമായി. ദേശീയ ഐക്യം, സാഹോദര്യം എന്നിവയുടെ തുറന്ന പ്രകടനമായി ആഘോഷം മാറി. കുവൈത്ത് പൗരന്മാർക്കൊപ്പം പ്രവാസികളും ആഘോഷങ്ങളിൽ പങ്കാളികളായി.
അമീർ ആശംസകൾ നേർന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 63ാമത് ദേശീയ ദിനത്തിലും 33ാമത് വിമോചന ദിനത്തിലും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്നു.
ആഘോഷഭാഗമായി ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെയും ദേശീയ ഗാർഡിലെയും സുരക്ഷാ അധികാരികൾ നടത്തിയ ശ്രമങ്ങളെ അമീർ പ്രശംസിച്ചു. ദേശീയ ആഘോഷങ്ങൾക്കായി തയാറെടുക്കുന്നതിൽ ഔദ്യോഗിക സ്ഥാപനങ്ങൾ നടത്തിയ ഫലപ്രദമായ പങ്കാളിത്തം, ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള സ്ഥിരം സമിതി, ഇൻഫർമേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, ജനറൽ ഫയർഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ശ്രമങ്ങൾക്കും അമീർ പ്രശംസ അറിയിച്ചു.
മാതൃരാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെ അഭിമാനത്തോടെ സ്മരിക്കാൻ അമീർ ഉണർത്തി. കുവൈത്തിന്റെ ദേശീയ ദിനങ്ങളുടെ സന്തോഷം പങ്കുവെച്ചതിനും ആശംസകൾ അറിയിച്ചതിനും വിവിധ രാഷ്ട്രത്തലവന്മാർ ഗൾഫ്, അറബ് രാജ്യങ്ങളിലെ നേതൃത്വം എന്നിവർക്ക് അമീർ നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.