ദേശീയ ആഘോഷങ്ങളിൽ തിളങ്ങി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന വാർഷികദിനങ്ങൾ അടുത്തതോടെ ആഘോഷങ്ങളിൽ തിളങ്ങി കുവൈത്ത്. രാജ്യത്ത് എല്ലായിടങ്ങളിലും ദേശീയപതാകകൾ ഉയർന്നു കഴിഞ്ഞു. ബഹുവർണങ്ങളിലുള്ള ചായംപൂശിയും ഇലക്ട്രിക് ലൈറ്റുകൾകൊണ്ട് അലങ്കരിച്ചും രാജ്യത്തെങ്ങും ആഘോഷത്തിന്റെ അന്തരീക്ഷമാണ്. ഫെബ്രുവരി 25, 26 തീയതികളിലാണ് കുവൈത്തിന്റെ ദേശീയ-വിമോചന ദിനങ്ങൾ. ഈ ദിവസങ്ങളിൽ രാജ്യത്ത് വിപുലമായ പ്രത്യേക ആഘോഷങ്ങൾ ഒരുക്കും. ദേശീയ-വിമോചന ദിനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും വിവിധ ആഘോഷങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട്.
മാർഗനിർദേശങ്ങൾ പാലിക്കുക
ദേശീയ അവധിദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കാൻ പൗരന്മാരോടും പ്രവാസികളോടും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. നിയമലംഘനം കർശനമായി നേരിടുമെന്നും മുന്നറിയിപ്പ് നൽകി. ദേശീയ ആഘോഷങ്ങളുടെ സുരക്ഷയും ട്രാഫിക് തയാറെടുപ്പുകളും പൂർത്തിയായതായി മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് അറിയിച്ചു. ആഘോഷവേളകളിൽ പൊതു ധാർമികതയും പൊതുക്രമവും നിലനിർത്തണം, മറ്റുള്ളവർക്കുനേരെ മാലിന്യമോ ബലൂണുകളോ നുരയോ എറിയരുത്. ഇത്തരം പ്രവൃത്തികൾ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ്. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, അമിതവേഗത്തിൽനിന്ന് വിട്ടുനിൽക്കുക, കുട്ടികളെ നിരന്തരം നിരീക്ഷിക്കുക എന്നിവയുടെ പ്രാധാന്യവും അധികൃതർ വ്യക്തമാക്കി.
വാഹനത്തിന് പുറത്ത് പതാകകൾ സ്ഥാപിക്കരുത്
ആഘോഷഭാഗമായി വാഹനങ്ങളുടെ പുറത്ത് പതാകകൾ സ്ഥാപിക്കരുത്. ഇത് ട്രാഫിക് നിയമലംഘനമായാണ് കണക്കാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയദിനാഘോഷത്തിനിടെ ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ പൊലീസ് നടപടിയെടുക്കുമെന്ന് മന്ത്രാലയം എക്സ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. ആഘോഷവേളകളിൽ പലരും വാഹനങ്ങളിൽ വലിയ പതാകകൾ സ്ഥാപിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.