ദേശീയ-വിമോചന ദിനം; കുവൈത്ത് ആഘോഷത്തിന് ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നു. രാജ്യത്താകമാനം വിവിധ ആഘോഷങ്ങൾക്ക് വരുംദിനങ്ങൾ സാക്ഷിയാകും. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദേശീയദിനം പ്രമാണിച്ച് വർണാഭമായ പരിപാടികൾ ഒരുങ്ങുകയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയശേഷം ആദ്യമായി എത്തുന്ന ആഘോഷത്തെ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ആഘോഷത്തിന്റെ ഭാഗമായി ഫ്ലാഗ് ആൻഡ് ഡെക്കറേഷൻ കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബയാൻ പാലസ്, ഔദ്യോഗിക കെട്ടിടങ്ങള്‍, വിമാനത്താവളം, പ്രധാന റോഡുകള്‍ തുടങ്ങിയവ അലങ്കരിക്കും. വിവിധങ്ങളായ കല-സാംസ്കാരിക പരിപാടികളും കായികമത്സരങ്ങളും ഒരു മാസം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ഒട്ടക റേസിങ് ക്ലബ്, ആറ് ഗവർണറേറ്റ് ആസ്ഥാനങ്ങള്‍, അൽ-ഗസാലി, തൂനിസ്, ബൈറൂത്, അറേബ്യൻ ഗൾഫ്, അൽ-താവോൻ, ഫോർത്ത് റിങ് റോഡ് എന്നിവിടങ്ങളിൽ പതാക ഉയർത്തുന്ന പരിപാടി അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും.
ഫെബ്രുവരി ഒന്നിന് കുവൈത്ത് സിറ്റിയിലെ ഫ്ലാഗ് സ്ക്വയറിൽ പതാക ഉയർത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിക്കുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും. ഗൾഫ് മേഖലയിലെ ശ്രദ്ധേയമായ വ്യാപാരോത്സവമായ ‘ഹലാ ഫെബ്രുവരി’ ഫെസ്റ്റിവലിനും രാജ്യം സാക്ഷിയാകും. ആഘോഷഭാഗമായി രാജ്യത്തിന്റെ തെരുവുകൾ ദേശീയ പതാകയും തോരണങ്ങളും വർണവെളിച്ചങ്ങളുംകൊണ്ട് വൈകാതെ മനോഹരമാകും.
ബാങ്കുകൾക്ക് അവധി
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ -വിമോചന ദിനത്തിന്റെ ഭാഗമായി ഫ്രെബ്രുവരി 26, 27 തീയതികളില്‍ ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷന് പബ്ലിക് റിലേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ ഡയറക്ടർ അറിയിച്ചു. ഇതോടെ വാരാന്ത്യ അവധികളടക്കം നാലു ദിവസം ബാങ്കുകള്‍ അവധിയായിരിക്കും.
ഇസ്റാഅ്-മിഅ്റാജ് അവധി പ്രമാണിച്ച് ഫെബ്രുവരി 19നും ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.