പുതിയ ഡ്രൈവിങ് ലൈസൻസ് നിയമം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ നിലവിൽവന്നു. പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കും 15 വർഷത്തെ കാലാവധിയും പ്രവാസികൾക്ക് അഞ്ചു വർഷവുമാണ് ഇനി ലൈസൻസുകൾ അനുവദിക്കുക. ബിദൂനികൾക്ക് റിവ്യൂ കാർഡിന്റെ കാലാവധി കഴിയുന്നതുവരെയുമാണ് സാധുത. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ലൈസൻസുകൾ അനുവദിക്കുക.
പ്രൈവറ്റ് ലൈസൻസ്:
ഏഴ് യാത്രക്കാരിൽ കൂടാത്ത സ്വകാര്യ കാറുകൾ, രണ്ട് ടണ്ണിൽ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ എന്നിവ ഓടിക്കുന്നതിനാണ് ഈ ലൈസൻസ്.
ജനറൽ ലൈസൻസ്:
ജനറൽ ലൈസൻസ് കാറ്റഗറി- എ, കാറ്റഗറി- ബി എന്നിങ്ങനെയായി തിരിച്ചിട്ടുണ്ട്. കാറ്റഗറി ബി ലൈസൻസ് കൈവശമുള്ളവർക്ക് കാറ്റഗറി എ പ്രകാരം അനുവദനീയമായ വാഹനങ്ങൾ ഓടിക്കാൻ പാടില്ല. മുമ്പ് നൽകിയ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതുവരെ സാധുവായി തുടരും.
കാറ്റഗറി- എ:
25 ൽ കൂടുതൽ യാത്രക്കാരുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, എട്ട് ടണ്ണിൽ കൂടുതൽ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഡ്രൈവിങ് വാഹനങ്ങൾ എന്നിവക്കാണ് ഇത് ബാധകമാകുന്നത്.
കാറ്റഗറി- ബി:
ഏഴിൽ കൂടുതലും 25 ൽ താഴെ യാത്രക്കാരുമുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, രണ്ട് ടണ്ണിൽ കൂടുതലും എട്ട് ടണ്ണിൽ കൂടാത്തതുമായ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിനാണ് ഇത് അനുവദിക്കുന്നത്.
മോട്ടോർസൈക്കിൾ ലൈസൻസ്:
എല്ലാത്തരം മോട്ടോർസൈക്കിളുകളും ഓടിക്കുന്നതിനും, മോട്ടോർ സൈക്കിൾ ഡ്രൈവിങ് പഠിപ്പിക്കുന്നതിനും, കര വാഹനങ്ങളുടെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനും (എ.ടി.വി.) കാറ്റഗറി- എ വിഭാഗം ലൈസൻസാണ് നൽകുക. മൂന്നോ അതിലധികമോ ചക്രങ്ങളുള്ള മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിന് കാറ്റഗറി- ബി ലൈസൻസ് വേണം. കാറ്റഗറി- ബി ലൈസൻസ് ഉള്ളവർക്ക് കാറ്റഗറി- എ വിഭാഗം വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല.
ട്രാക്ടർ ലൈസൻസ്:
നിർമാണ, വ്യാവസായിക, കാർഷിക, അല്ലെങ്കിൽ ട്രാക്ടർ വാഹനങ്ങൾ ഓടിക്കുന്നതിനാണ് ഈ ലൈസൻസ് നൽകുന്നത്.
സ്പെഷൽ ആക്റ്റിവിറ്റി ലൈസൻസ്:
ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള സേവന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാത്തരം വാഹനങ്ങളും ഓടിക്കുന്നതിനാണ് ഈ ലൈസൻസ് നൽകുന്നത്.
അതിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവർത്തന തരം അതായിരിക്കും. ഉടമയുടെ തൊഴിൽ മാറുകയോ രാജ്യത്തെ താമസം റദ്ദാക്കുകയോ ചെയ്താൽ ഈ ലൈസൻസ് റദ്ദാക്കപ്പെടും
. പൊതു റോഡുകളിലോ സേവന പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിലോ ഈ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഈ ലൈസൻസിനുള്ള നടപടിക്രമങ്ങളും ഫീസും സ്വകാര്യ മേഖലയിലെ ലൈസൻസുകൾക്ക് തുല്യമാണ്.
പ്രവാസികൾക്ക് ആശ്വാസം
കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് കാലാവധി അഞ്ചുവർഷമായി ഉയർത്തിയത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാകും. നിലവിലെ മൂന്നു വർഷ കാലാവധിയിൽ നിന്നാണ് അഞ്ചുവർഷമായി ഉയർത്തിയത്. 2015വരെ രാജ്യത്ത് 10 വർഷത്തേക്കയായിരുന്നു ഡ്രൈവിങ് ലൈസൻസ് അനുവദിച്ചിരുന്നത്.
പിന്നീടത് ഒരു വർത്തേക്കായി ചുരുക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്നു വർഷത്തേക്ക് ഉയർത്തിയെങ്കിലും പിന്നീട് ഒരു വർഷത്തേക്കായി ചുരുക്കി. ഇത് കഴിഞ്ഞ വർഷം വീണ്ടും മൂന്നു വർഷത്തേക്ക് ഉയർത്തി. ഇതാണിപ്പോൾ അഞ്ചു വർഷത്തേക്കാക്കിയത്. പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാൻ കുവൈത്തിൽ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.