പുതിയ സർക്കാർ: ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തുടരും. മന്ത്രിസഭ തലവനായി അദ്ദേഹത്തെ പുനർനാമകരണം ചെയ്തതായി അമീരി ദിവാൻ അറിയിച്ചു. ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ 11ചേരും.
ബുധനാഴ്ച രാത്രിയോടെ 15 അംഗ മന്ത്രിസഭയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു.
അതിനിടെ, ബുധനാഴ്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സന്ദർശിച്ചു. പുതിയ സർക്കാർ രൂപവത്കരണം സംബന്ധിച്ചും, മുൻ പ്രധാനമന്ത്രിമാരുമായും സ്പീക്കർമാരുമായും നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങളും കിരീടാവകാശി അമീറിന് വിശദീകരിച്ചു. അമീർ, കിരീടാവകാശിയുടെ പ്രയത്നങ്ങളെ പ്രശംസിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. രാജ്യത്തിന്റെ ഉന്നത താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കും അമീർ ആശംസ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ഈ മാസം ഒന്നിനു ചേർന്ന മന്ത്രിസഭ യോഗത്തിൽ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെക്കാൻ തീരുമാനിക്കുകയും രണ്ടിന് അമീർ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള രാഷ്ട്രീയ ആലോചനകളുടെ ഭാഗമായി ചൊവ്വാഴ്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മൂന്ന് മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
തിങ്കളാഴ്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മുൻ അസംബ്ലി സ്പീക്കർമാരായ മർസൂഖ് അൽ-ഗാനെം, അഹ്മദ് അൽ സദൂൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഇവരിൽ നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ചാണ് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചത്. മുൻ സ്പീക്കറും മുതിർന്ന അംഗവുമായ അഹ്മദ് അൽ സദൂൻ പുതിയ സ്പീക്കറായേക്കും.
മന്ത്രിസഭ അംഗങ്ങൾ
തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് (ഫസ്റ്റ് ഡപ്യൂട്ടി പ്രൈം മിനിസ്റ്റർ, അഭ്യന്തരമന്ത്രി)
ഡോ. മുഹമ്മദ് അബുദുലത്തീൽ അൽഫാരിസ് (ഡപ്യൂട്ടി പ്രൈം മിനിസ്റ്റർ , കാബിനറ്റ് സഹമന്ത്രി)
ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം)
ഡോ. റന അൽ ഫാരിസ് (മുനിസിപ്പൽ സഹമന്ത്രി, വാർത്താവിനിമയം)
അബ്ദുറഹ്മാൻ ബദ അൽ മുതൈരി (ഇൻഫർമേഷൻ, യുവജനകാര്യം)
അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷാഹിദ് (ധനകാര്യം, സാമ്പത്തിക-നിക്ഷോപ സഹമന്ത്രി)
ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യം)
ഹുസൈൻ ഇസ്മായിൽ മുഹമ്മദ് (എണ്ണ വകുപ്പ് )
ഡോ. ഖാഫില അൽ ഹുമൈദ അൽ സലീം അസ്സബാഹ് (ദേശീയ അസംബ്ലികാര്യം, ഭവന കാര്യം, നഗരവികസനം സഹമന്ത്രി)
അബ്ദുല്ല അലി അബ്ദുല്ല അൽ സലീം അസ്സബാഹ് ( പ്രതിരോധം)
അമ്മാർ മുഹമ്മദ് അൽ അജ്മി (പൊതുകാര്യം, ജലം, വൈദ്യുതി )
മാസൻ സാദ് അൽ നദീഹ് (വാണിജ്യ വ്യവസായം)
മുതാന താലിബ് സയ്യിദ് അബ്ദുറഹ്മാൻ അൽ റഫായി (വിദ്യാഭ്യാസം, ഉന്നത പഠനം)
ഡോ. മുഹമ്മദ് ബു സുബാർ (നീതി, ഇസ്ലാമിക കാര്യം)
അഡ്വൈസർ ഹുദ അബ്ദുൽമോശൻഅൽ ഷാജി (സാമൂഹ്യ നീതി, സാമൂഹിക വികസനം, വനിത, ശിശുക്ഷേമം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.