പ്രതീക്ഷകളോടെ പുതിയ സർക്കാർ
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കീഴിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഇനി കുവൈത്തിനെ നയിക്കും. ബുധനാഴ്ച ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും മന്ത്രിമാരും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പുതിയ സർക്കാർ ഔദ്യോഗികമായി നിലവിൽ വന്നു. ആദ്യം പ്രധാനമന്ത്രിയും അതിനു പിറകെ മറ്റു മന്ത്രിമാരും എന്ന നിലയിലാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. ശേഷം അമീറിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ പ്രത്യേക മന്ത്രിസഭ യോഗം ചേർന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെ അമീർ അഭിനന്ദിച്ചു. വലിയ ഉത്തരവാദിത്തമാണെന്ന് ഏറ്റെടുത്തിരിക്കുന്നതെന്ന് ഓർമിപ്പിച്ച അമീർ മാതൃരാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സേവിക്കുന്നതിൽ ഏവരും വിജയിക്കട്ടെയെന്ന് ആശംസിച്ചു. നിർദിഷ്ട വർക്ക് പ്ലാനും ടൈംടേബിളും അനുസരിച്ച് മുൻഗണനകൾ നിർണയിക്കാനും പരിശ്രമങ്ങൾ ഏകീകരിക്കാനും അമീർ പുതിയ സർക്കാറിനോട് അഭ്യർഥിച്ചു.
വികസന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്താനും ഫയലുകൾ, പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിഹരിക്കാനും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സമ്പ്രദായവും വികസിപ്പിക്കാനും അമീർ ആവശ്യപ്പെട്ടു. സുസ്ഥിര സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിന് സാമ്പത്തിക, നിക്ഷേപ മേഖലകൾ വികസിപ്പിക്കാനും മനുഷ്യ മൂലധനത്തിൽ നിക്ഷേപം നടത്താനും നവീകരണവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കാനും ബിസിനസ് അന്തരീക്ഷവും സർക്കാർ സേവനങ്ങളും മെച്ചപ്പെടുത്താനും സേവനങ്ങളിലെ ഡിജിറ്റൽ പരിവർത്തനത്തിനും അമീർ ആഹ്വാനം ചെയ്തു.
ഏപ്രിൽ നാലിന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സർക്കാറിന്റെ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹിനെ അമീർ പ്രധാനമന്ത്രിയായി നിയമിക്കുകയും മന്ത്രിമാരെ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഞായറാഴ്ച രാത്രി അമീർ ഒപ്പുവെച്ചിരുന്നു. കുവൈത്തിലെ 46ാമത് സർക്കാറായാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.