പൊലീസിന് പുതിയ യൂനിഫോം; വാർത്ത തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പൊലീസുകാർക്കും സുരക്ഷ ഉദ്യോഗസഥർക്കും പുതിയ യൂനിഫോം സ്വീകരിക്കുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമുള്ള പ്രചാരണം തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം. ഡിസൈനുകൾ ഇപ്പോഴും പഠനത്തിലാണ്.
മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക യൂനിഫോം അംഗീകരിക്കാൻ അധികാരമുള്ള അമീറിന് സമർപ്പിച്ചതിന് ശേഷമാണ് പുതിയ യൂനിഫോമിന്റെ അന്തിമ തീരുമാനം എടുക്കുക. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വാർത്തകളുടെ കൃത്യത പരിശോധിക്കുകയും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് വിവരങ്ങൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
സുരക്ഷ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയെ ബന്ധപ്പെടാമെന്നും വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥരുടെ നിലവിലെ യൂനിഫോമിന്റെ നിറത്തിൽ മാറ്റം വരുത്തുന്നതായി വെള്ളിയാഴ്ച വാർത്തകൾ പ്രചരിച്ചിരുന്നു. മങ്ങിയ ചാരനിറത്തിലാണ് പുതിയ യൂനിഫോം എന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടി എന്നുമായിരുന്നു വാർത്തകൾ.
എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥരുടെ യൂനിഫോമുകൾക്കുള്ള നിർദിഷ്ട ഡിസൈനുകളും നിറങ്ങളും അവലോകനം ചെയ്യൽ മാത്രമാണ് നടന്നതെന്നും ഡിസൈനുകൾ ഇപ്പോഴും പഠനത്തിലാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.