സ്മാർട്ട് വൈദ്യുതി മീറ്ററുകളുടെ ആദ്യ ബാച്ച് എത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്മാർട്ട് മീറ്ററുകളുടെ ആദ്യ ബാച്ച് എത്തിയതായി വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. വൈദ്യുതി-ജല മീറ്ററുകൾ സ്മാർട്ട് ആക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് 1.25 ലക്ഷം മീറ്ററുകൾ രാജ്യത്ത് എത്തിച്ചതെന്ന് മന്ത്രാലയം ഉപഭോക്തൃ സേവന മേഖല ആക്ടിങ് അണ്ടർ സെക്രട്ടറി ഫലാഹ് അൽ-മുതൈരി അറിയിച്ചു.പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അഞ്ചു ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും.
ഇൻസ്റ്റലേഷൻ പ്രക്രിയ കഴിഞ്ഞ ദിവസം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മെക്കാനിക്കൽ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി 2021ലാണ് ആരംഭിച്ചത്. വൈദ്യുതി ദുരുപയോഗം കുറക്കുന്നതിനൊപ്പം വൈദ്യുതി നിരക്ക് യഥാസമയം അറിയാനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. വൈദ്യുതി വിതരണവും ജലവിതരണവും പൂർണമായും ഡിജിറ്റൈസ് ആകുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, സേവന തടസ്സങ്ങൾ ഒഴിവാക്കാനായി ഉപഭോക്താക്കളോട് കുടിശ്ശികയുള്ള ബില്ലുകൾ ഉടൻ അടക്കണമെന്ന് ഫലാഹ് അൽ മുതൈരി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴു മാസത്തിനിടെ 50 കോടി ദീനാറിലധികം കുടിശ്ശിക പിരിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വൈദ്യുതി-ജല ശൃംഖലകളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും തടയുന്നതിലും ജുഡീഷ്യൽ നിയന്ത്രണ സംഘത്തിന്റെ നിർണായക പങ്ക് ഉണ്ടെന്ന് അൽമുതൈരി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.