മഴയിലലിഞ്ഞ് കുവൈത്ത്; കൂടുതൽ തണുപ്പ് അനുഭവപ്പെട്ടു
text_fieldsകുവൈത്തിൽ ബുധനാഴ്ച മഴയിൽ റോഡിലെ കാഴ്ചപരിധി കുറഞ്ഞപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് കാലാവസ്ഥ നിരീക്ഷണം ശരിവെച്ച് ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ഇടവിട്ടുള്ള മഴയിൽ ചില ഭാഗത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതൊഴിച്ചാൽ അത്യാഹിതങ്ങളൊന്നുമുണ്ടായില്ല. ചിലയിടത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തണുപ്പും കൂടുതലായിരുന്നു. ഓടകളിലെ നീരൊഴുക്ക് ഉറപ്പുവരുത്താൻ അധികൃതർ നേരത്തേ നടപടികൾ സ്വീകരിച്ചതിനാൽ വലിയ വെള്ളക്കെട്ടോ ബുദ്ധിമുട്ടുകളോ ഉണ്ടായില്ല.
അസ്ഥിര കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡിലെ വെള്ളക്കെട്ടിനെ നിസ്സാരമായി കണ്ട് വാഹനങ്ങൾ മുന്നോട്ട് എടുക്കരുതെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കാഴ്ച പരിധി കുറഞ്ഞതിനാൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി ചിലയിടത്ത് ചില സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മോശം കാലാവസ്ഥയിൽ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നും അധികൃതര് നിർദേശിച്ചു. മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവർ അപരിചിത വസ്തുക്കളിൽ സ്പർശിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
മഴ പെയ്യുന്നതോടെ മണ്ണിനടിയിൽ ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകളും പുറത്തേക്കു വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം വസ്തുക്കളിൽ സ്പർശിക്കുന്നത് ജീവഹാനിക്ക് കാരണമാകും. മുൻവർഷങ്ങളിൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കടലിലോ മരുഭൂമിയിലോ നിരത്തുകളിലോ അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.