റസ്റ്റാറന്റ്, കഫേ എന്നിവയുടെ രാത്രി നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് രാത്രി 12ന് ശേഷം റസ്റ്റാറന്റുകൾ, കഫേകൾ, ശീഷ സ്ഥാപനങ്ങൾ എന്നിവ അടക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം. തീരുമാനത്തിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ രംഗത്തുവന്നു. സർക്കാറിന്റെ ഈ നിർദേശം അപ്രായോഗികവും രാജ്യത്തെ ആയിരത്തിലേറെ റസ്റ്റാറന്റുകളെയും കഫേകളേയും ബാധിക്കുമെന്നും അസോസിയേഷൻ ചെയര്മാന് ഫഹദ് അൽ അർബാഷ് പറഞ്ഞു. കഫേകളിലും ശീഷ കടകളിലും വ്യാപാരത്തിന്റെ സിംഹഭാഗവും രാത്രി പത്തിന് ശേഷമാണ്. അർധരാത്രിക്കുശേഷം റസ്റ്റാറന്റുകള്‍ അടച്ചുകഴിഞ്ഞാൽ പകുതിയിലേറെ വരുമാനം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയില്‍ നേരത്തേ കടകള്‍ അടക്കുന്നത് കാരണം ഹോട്ടല്‍ മേഖലയില്‍ പ്രതിവര്‍ഷം ഏകദേശം 420 ലക്ഷം ദീനാറോളം നഷ്ടം സംഭവിക്കുന്നതായി ഫഹദ് അൽ അർബാഷ് വ്യക്തമാക്കി.മയക്കുമരുന്ന് ഉപയോഗം, വിൽപന എന്നിവ ചെറുക്കുന്നതിന്റെയും പൊതുചട്ടം കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് റസ്റ്റാറന്റുകൾ, കഫേകൾ, ശീഷ സ്ഥാപനങ്ങൾ എന്നിവക്ക് രാത്രി 12ന് ശേഷം നിയന്ത്രണം ഏർപ്പെടുത്തിയത്. കടൽത്തീരത്തും റസിഡൻഷ്യൽ ഏരിയകളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ആദ്യ നിയന്ത്രണം കൊണ്ടുവന്നത്.
രാത്രി 12ന് ശേഷം മൊബൈൽ കോഫീ ഷോപ്പുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ അൻവർ അൽ ബർജാസ് നേരത്തേ അറിയിച്ചിരുന്നു. രാവേറെ വൈകിയും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
വാഹന കോഫീ ഷോപ്പുകൾ പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ പാര്‍ക്കിങ്ങില്‍നിന്ന് തിരികെ പോകണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. നിയമം ലംഘിക്കുന്ന വാഹന കോഫീ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ അഭ്യന്തര മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.