കോവിഡ് ചികിത്സയിലുള്ളവരിൽ 93 ശതമാനവും കുത്തിവെപ്പെടുക്കാത്തവർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ. 93 ശതമാനവും ഇത്തരക്കാരാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തിലുള്ളവരിലും ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവരാണ്.
വാക്സിൻ എടുക്കുന്നത് പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇൗ കണക്കുകൾ. വാക്സിൻ സ്വീകരിച്ചാൽ കോവിഡ് വരില്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ല.
എന്നാൽ, വരാനുള്ള സാധ്യത കുറയുകയും വന്നാൽതന്നെ ഗുരുതരാവസ്ഥയിലേക്ക് പോകാതെ സുഖംപ്രാപിക്കാനും കുത്തിവെപ്പ് സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികളും എത്രയുംവേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്നും ലഭ്യതയനുസരിച്ച് എല്ലാവർക്കും പരമാവധി വേഗത്തിൽ വാക്സിൻ നൽകാനാണ് ശ്രമിച്ചുവരുന്നതെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. 14,311 പേരാണ് ശനിയാഴ്ചവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 149 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
മൂന്ന് ലക്ഷത്തിലേറെ പേർ കുവൈത്തിൽ കോവിഡ് മുക്തരായി
കുവൈത്ത് സിറ്റി: മൂന്ന് ലക്ഷത്തിലേറെ പേർ കുവൈത്തിൽ കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടി. ഞായറാഴ്ച 1342 പേർ ഉൾപ്പെടെ 301,137 പേരാണ് ഇതുവരെ രോഗമുക്തരായത്.
ആകെ 3,17,197 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. 1297 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. 14,265 പേർ ചികിത്സയിൽ കഴിയുന്നു.
153 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 10,011 പേർക്കാണ് പുതുതായി പരിശോധന നടത്തിയത്.ഇതുവരെ ആകെ 2,671,013 പേർക്ക് പരിശോധന നടത്തി.ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 1795 ആയി. 2020 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് അടിയന്തരമായി കൊണ്ടുവന്ന കുവൈത്തികളിലായിരുന്നു ഇത്.അസർബൈജാനിൽനിന്ന് വന്ന ഇൗജിപ്ത് പൗരനായിരുന്നു കോവിഡ് ബാധിച്ച ആദ്യ വിദേശി.പിന്നീട് കേസുകൾ വർധിക്കുകയും അതനുസരിച്ച് നിയന്ത്രണ നടപടികൾ ഏർപ്പെടുത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.