കെ.വി. തോമസിന്റെ നിയമനം ധൂർത്തും പാഴ് ചെലവും - എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsകുവൈത്ത് സിറ്റി: കെ.വി. തോമസിനെ ഡൽഹിയിൽ സംസ്ഥാന കാബിനറ്റ് റാങ്കോടെ നിയമിച്ചത് ഭരണപരമായ ധൂർത്തും പാഴ് ചെലവും പരോക്ഷമായ അഴിമതിയുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കുവൈത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി എൽ.ഡി.എഫിനെ സഹായിക്കാമെന്ന നിലപാട് സ്വീകരിച്ചതിന്റെ രാഷ്ട്രീയ പ്രത്യുപകാരമാണ് ഈ പദവി. സംസ്ഥാനത്തെ നികുതിദായകരായ ജനങ്ങളുടെ ചെലവിൽ കെ.വി. തോമസിന് രാഷ്ട്രീയ പുനരധിവാസം നൽകുകയാണ് സി.പി.എം ഇതിലൂടെ ചെയ്തത്.
സാമ്പത്തിക ഞെരുക്കങ്ങളും ധന പ്രതിസന്ധിയും അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ മേൽ ദശലക്ഷക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തുന്നതാണിത്. കെ.വി. തോമസിന്റെ രാഷ്ട്രീയ പുനരധിവാസത്തിന് കേരളത്തിലെ ജനങ്ങൾ പിഴകൊള്ളേണ്ട ആവശ്യമുണ്ടോ എന്നും എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ധനപ്രതിസന്ധിയുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് ഇത്തരം ധൂർത്തുകൾ നടത്തുന്നത്.
ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല ഇത്. കേരളത്തിന്റെ ആവശ്യങ്ങൾ ഡൽഹിയിൽ നിർവഹിക്കാൻ സീനിയർ ഉദ്യോഗസ്ഥനെ ഇതേ ചുമതലകൾക്കായി കേരള ഹൗസിൽ നിയമിച്ചിട്ടുണ്ട്. അതിനിടെയാണ് കെ.വി. തോമസിന്റെ നിയമനം കൂടി ഉണ്ടാകുന്നത്. ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ ഉയരണമെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ലാവലിൻ കേസ്, സ്വർണ കള്ളക്കടത്ത്, മസാല ബോണ്ട് എന്നിവയിൽ കേന്ദ്രാന്വേഷണ ഏജൻസികളുടെ അന്വേഷണ പരിധിയിൽ നിൽക്കുന്ന സർക്കാറാണിത്.
അതിൽനിന്ന് രക്ഷപ്പെടുന്നതിനായി അദാനിയെ ഇടനിലക്കാരനായി നിർത്തി, അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തി പിണറായി വിജയനെ രക്ഷിച്ചെടുക്കുക എന്ന ഉത്തരവാദിത്തം കൂടി കെ.വി. തോമസിന്റെ നിയമനത്തിലൂടെ സി.പി.എം ലക്ഷ്യംവെക്കുന്നുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.