വാക്സിനേഷന് മുമ്പ് കോവിഡ് പരിശോധന വേണ്ട –ആരോഗ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വാക്സിനേഷന് മുമ്പായി കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുത്തിവെപ്പിന് മുമ്പ് പി.സി.ആർ പരിശോധന കൂടി നടപ്പാക്കിയാൽ ആരോഗ്യപ്രവർത്തകർക്ക് ഭാരമാകുമെന്നും കുത്തിവെപ്പ് നടപടികൾ മന്ദഗതിയിലാക്കുമെന്നും മന്ത്രാലയവൃത്തങ്ങൾ വിശദീകരിച്ചു. വൈറസ് ബാധയുടെ ലക്ഷണമുള്ളവർ ഇത് മാറുന്നതുവരെ കുത്തിവെപ്പ് വൈകിപ്പിക്കണം. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷം വൈറസ് ബാധിച്ചാൽ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മൂന്ന് മാസം കാത്തിരിക്കണം. കോവിഡ് വാക്സിന് രാജ്യത്ത് അപ്രതീക്ഷിതമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല.
പനിപോലെയുള്ള ചെറിയ അസ്വസ്ഥതകൾ സ്വാഭാവികമാണ്. ഇത് കമ്പനികൾതന്നെ മുന്നറിയിപ്പ് നൽകിയതുമാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാർഗനിർദേശങ്ങൾ കുത്തിവെപ്പെടുക്കുന്ന ആരോഗ്യപ്രവർത്തകർ പാലിക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച കുവൈത്തികൾക്ക് നാട്ടിൽ മടങ്ങിയെത്തുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കാമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ ഡോസ് വാക്സിൻ എത്തിയത് രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലായിട്ടുണ്ട്. ആവശ്യത്തിന് വാക്സിൻ എത്തിയാൽ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് അധികൃതരുടെ പദ്ധതി. രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ പൊതു അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.