വാഹന ഇടപാടുകളിൽ പണം കൈമാറ്റം നേരിട്ടുവേണ്ട
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വാഹന വിൽപന ഇടപാടുകളിൽ പണം നേരിട്ട് നൽകുന്നതിന് നിയന്ത്രണം. ഈ വർഷം ഒക്ടോബർ ഒന്നു മുതൽ എല്ലാ വാഹന ഇടപാടുകളും ബാങ്കിങ് ചാനലുകൾ വഴി മാത്രമായിരിക്കണം. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ ഇതുസംബന്ധിച്ച നിർദേശം നൽകി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറക്കൽ, സാമ്പത്തിക കൈമാറ്റ നിരീക്ഷണം എന്നിവയുടെ ഭാഗമായാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനുള്ള സർക്കാറിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് വാണിജ്യ മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചു.
നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും ഉത്ഭവം പരിശോധിക്കാനും ഇടപാടുകൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികാരികൾക്ക് കഴിയും. പുതിയ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
സാമ്പത്തിക സുസ്ഥിരതക്കും കുവൈത്തിന്റെ അന്താരാഷ്ട്ര പ്രശസ്തിക്കും വലിയ ഭീഷണിയായ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.