നാടുകടത്താൻ വിമാനം ഇല്ല; ജയിലിൽ ആളു കൂടുന്നു
text_fieldsകുവൈത്ത് സിറ്റി: വിമാന സർവിസ് സാധാരണ നിലയിലാകാത്തതിനാൽ തടവുകാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന പ്രക്രിയ മന്ദഗതിയിൽ. ഇതുകാരണം ജയിലിൽ അന്തേവാസികളുടെ എണ്ണം വർധിച്ച് പ്രയാസം നേരിടുന്നുണ്ട്.
നാടുകടത്തൽ കേന്ദ്രത്തിൽ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 800 പേർ ഉണ്ട്. മറ്റു ജയിലുകളിലും ആളധികമാണ്. ജയിലിൽ സ്ഥലമില്ലാത്തതിനാൽ പലരെയും പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീലങ്ക, വിയറ്റ്നാം, മഡഗാസ്കർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ തടവുകാരും. സ്ത്രീ തടവുകാരും ഇക്കൂട്ടത്തിലുണ്ട്. അനധികൃത താമസക്കാരെ പിടികൂടാനുള്ള പരിശോധന കാമ്പയിൻ ആരംഭിക്കുന്നതിന് പ്രധാന തടസ്സം നാടുകടത്തൽ കേന്ദ്രത്തിൽ സ്ഥല പരിമിതിയുള്ളതാണ്.
നേരത്തേ പിടിക്കപ്പെട്ടവരും സെൻട്രൽ ജയിയിലിൽനിന്ന് ശിക്ഷാ കാലാവധി പൂർത്തിയാക്കി എത്തിച്ചവരും എല്ലാമായി നാടുകടത്തൽ കേന്ദ്രത്തിൽ ആളധികമാണെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു.കോവിഡ് പ്രതിസന്ധി തീർന്ന് വിമാന സർവിസ് സാധാരണ നിലയിലായാൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ വേഗത്തിൽ സ്വന്തം നാടുകളിലേക്ക് അയക്കും. ഇത് എന്ന് സാധ്യമാകുമെന്ന് പറയാൻ കഴിയില്ല. 1,80,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. ഭാഗിക പൊതുമാപ്പ് കാലം കഴിഞ്ഞാൽ വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്ന് തന്നെയാണ് അധികൃതരുടെ തീരുമാനം. വ്യോമഗതാഗതം സാധാരണ നിലയിലാവാത്തതാണ് ഇതിനുള്ള തടസ്സം.
കോവിഡിെൻറ പേരുപറഞ്ഞ് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങാൻ മടിക്കുന്നുമുണ്ട്.ജയിലിൽ കോവിഡ് പടരാതിരിക്കാൻ അധികൃതർ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേകം ബ്ലോക്കിലാണ് താമസിപ്പിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.
ജയിൽ ഇടക്കിടെ അണുനശീകരണം നടത്തുന്നു. തടവുകാർക്കും ജീവനക്കാർക്കും ആരോഗ്യമന്ത്രാലയം മാർഗനിർദേശവും പരിശീലനവും നൽകുന്നു. എന്നിട്ടും ഏതാനും തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.