അഭയകേന്ദ്രത്തിലുള്ളവർക്ക് ഒരു കുറവും വരുത്തില്ല –എംബസി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരുകുറവും വരുത്തില്ലെന്നും എല്ലാ ഇന്ത്യക്കാർക്കും കോവിഡ് പ്രോേട്ടാകോൾ പാലിച്ച് അവിടെയുള്ള നമ്മുടെ സഹോദരങ്ങളുടെ ക്ഷേമം നേരിെട്ടത്തി പരിശോധിക്കാമെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണപത്രം ഒപ്പിട്ടത് വിശദീകരിക്കാൻ ചൊവ്വാഴ്ച വൈകീട്ട് ഇന്ത്യൻസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച മുന്നറിയിപ്പില്ലാതെ അഭയകേന്ദ്രം സന്ദർശിച്ചതായും അവിടത്തെ സൗകര്യങ്ങളിൽ അന്തേവാസികൾ പൂർണ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒാരോ അഭയകേന്ദ്രങ്ങളാണ് എംബസിയുടെ കീഴിലുള്ളത്. സ്ത്രീകളുടെ അഭയകേന്ദ്രത്തിൽ 100 പേരെ പാർപ്പിക്കാൻ കഴിയും. എന്നാൽ, ക്വാറൻറീനിൽ കഴിയുന്ന മൂന്നുപേർ ഉൾപ്പെടെ ഒമ്പത് വനിതകൾ മാത്രമാണ് അവിടെയുള്ളത്. 50 പേരെ താമസിക്കാൻ കഴിയുന്ന പുരുഷന്മാരുടെ അഭയകേന്ദ്രത്തിൽ മൂന്നുപേർ മാത്രമാണുള്ളത്.
എല്ലാവരെയും രണ്ടാഴ്ചക്കകം എംബസിയുടെ ചെലവിൽ നാട്ടിലയക്കും. അഭയകേന്ദ്രത്തിലെത്തുന്നവർ ദീർഘകാലം അനിശ്ചിതാവസ്ഥയിൽ അവിടെ കഴിയുന്ന സാഹചര്യം ഉണ്ടാകില്ല. ശീതീകരിച്ച മുറിയും ശുചിത്വമുള്ള അന്തരീക്ഷവും നല്ലഭക്ഷണവും അവർക്കുണ്ട്. വിനോദത്തിനായി ടെലിവിഷനും ഇന്ത്യൻ ചാനലുകളും ലഭ്യമാക്കിയിട്ടുണ്ട്. വൈദ്യുതിമുടക്കമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഒട്ടും വൈകാതെ എംബസി ഇടപെടും. തൊഴിൽപ്രശ്നങ്ങളിൽ എംബസി നിയമസഹായം നൽകും. കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധനയും ആവശ്യമായ ചികിത്സയും ലഭ്യമാക്കും. കുവൈത്ത് സർക്കാറിന് കീഴിലുള്ള അഭയകേന്ദ്രത്തിൽ ഒരു ഇന്ത്യക്കാരൻ മാത്രമാണ് നിലവിലുള്ളത്. മികച്ച സൗകര്യങ്ങളാണ് ഇവിടെയും ഉള്ളത്.
ഇവരെയും വൈകാതെ നാട്ടിൽ അയക്കുമെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. തൊഴിലിടത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ഏത് സമയവും എംബസിയിൽ അഭയംതേടാമെന്നും അഭയകേന്ദ്രത്തിൽ അവർ സുരക്ഷിതരായിരിക്കുമെന്നും സിബി ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.