മാസങ്ങളായി വരുമാനമില്ല; വിവാഹ ഹാളുകൾ പ്രതിസന്ധിയിൽ
text_fieldsകുവൈത്ത് സിറ്റി: ഏഴ് മാസത്തോളമായി വരുമാനമില്ലാതെ കുവൈത്തിലെ വിവാഹ ഹാളുകൾ. കോവിഡ് പ്രതിസന്ധി മൂലം വിവാഹ ചടങ്ങുകൾക്കും മറ്റു ഒത്തുകൂടലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതാണ് ഇത്തരം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും സ്ഥാപന ഉടമ കൈയിൽനിന്ന് വഹിക്കുന്ന അവസ്ഥയാണ്. ഇനിയെത്ര നാൾ ഇൗ നില തുടരുമെന്ന് പറയാനും കഴിയില്ല. കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലും നിരവധി വിവാഹ ഹാളുകൾ ഉണ്ട്. മന്ത്രാലയത്തിെൻറ പ്രധാന വരുമാനവുമായിരുന്നു ഇത്. സന്നദ്ധ സംഘടനകൾക്ക് നൽകുന്ന സബ്സിഡി ഉൾപ്പെടെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന വിധമായിരുന്നു സാമൂഹിക ക്ഷേമ മന്ത്രാലയം ഇൗ വരുമാനം വിനിയോഗിച്ചിരുന്നത്. ഏഴുമാസമായി ഒരു വരുമാനവും ഇൗ നിലയിൽ ലഭിക്കുന്നില്ല. നേരത്തെ ബുക്ക് ചെയ്ത പരിപാടികളുടെ അഡ്വാൻസുകൾ തിരിച്ചുനൽകി.
318 ബുക്കിങ് റദ്ദാക്കി 33,000 ദിനാറാണ് സാമൂഹിക ക്ഷേമ മന്ത്രാലയം തിരിച്ചുനൽകിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ കണക്ക് ഇതിൽ വരില്ല. വിദേശികൾ വാടകെക്കടുത്ത് നടത്തിയിരുന്ന ഹാളുകളും വെറുതെ കിടക്കുകയാണ്. മാസവാടകെക്കടുത്ത് വിവിധ പരിപാടികൾക്ക് നൽകിയിരുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. മലയാളി സംഘടനകൾ ഉൾപ്പെടെ ഇത്തരം സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു. സംഘടനയുടെ പരിപാടികൾ നടത്താൻ കഴിയുമെന്നതിനൊപ്പം വരുമാന മാർഗമായും വർത്തിച്ചിരുന്ന ഇൗ ഹാളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പലരും ഹാളുകൾ തിരിച്ചുകൊടുത്ത് ബാധ്യതയൊഴിഞ്ഞു.
സംഘടന പരിപാടികൾക്ക് കോവിഡ് പ്രതിസന്ധി ഒഴിയാതെ അനുമതി കിട്ടാനിടയില്ല. സൂം ആപ്ലിക്കേഷനിലൂടെയാണ് ഇപ്പോൾ ഇത്തരം പരിപാടികൾ നടത്തുന്നത്. നേരിട്ടുള്ള ഒത്തുചേരലുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുലൈബിയയിൽ രണ്ട് ഒത്തുചേരലുകൾ കഴിഞ്ഞ ദിവസം പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.