താമസനിയമം ലംഘിക്കുന്നവർക്ക് ഇനി പൊതുമാപ്പില്ല
text_fieldsകുവൈത്ത് സിറ്റി: താമസനിയമം ലംഘിക്കുന്നവർക്ക് ഇനി പൊതുമാപ്പുണ്ടാകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. താമസരേഖകൾ ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെവരുന്നതിന് ഇപ്പോഴും അവസരമുണ്ടെന്നും അധികൃതർ ഓർമിപ്പിച്ചു.
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. രാജ്യമെങ്ങും പരിശോധന നടത്തി മുഴുവൻ താമസനിയമലംഘകരെയും കണ്ടെത്തി നാടുകടത്താനാണ് നീക്കം. പിടിയിലാകുന്നവരെ വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് നാടുകടത്തുക. ഇതോടെ കുവൈത്തിൽ ഇവർക്ക് ആജീവനാന്ത പ്രവേശനവിലക്കും മറ്റു ഗൾഫ് രാജ്യങ്ങളിൽ അഞ്ചുവർഷത്തെ വിലക്കും നേരിടേണ്ടി വരും.
എന്നാൽ, സ്വമേധയാ മുന്നോട്ടുവന്ന് നിയമാനുസൃതമുള്ള പിഴ അടച്ച് നാട്ടിലേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ വരുന്നതിന് തടസ്സമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. 2020ൽ കോവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്താണ് ഏറ്റവും ഒടുവിലായി പൊതുമാപ്പ് നൽകിയത്.
താമസരേഖകൾ ഇല്ലാത്തവർക്ക് പദവി ശരിയാക്കാനും അല്ലെങ്കിൽ പിഴ ഇല്ലാതെ രാജ്യം വിടാനും ഉള്ള മികച്ച അവസരമായിരുന്നു അത്.
ഇളവ് പ്രയോജനപ്പെടുത്തിയവരെ കുവൈത്ത് സർക്കാറിെൻറ ചെലവിലാണ് സ്വന്തം നാടുകളിൽ എത്തിച്ചത്.
എന്നാൽ, ഇനി അത്തരം ഇളവുകൾ ആരും പ്രതീക്ഷിക്കേണ്ട എന്നാണ് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഒന്നരലക്ഷത്തിൽപരം വിദേശികൾ താമസനിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് താമസകാര്യ വകുപ്പിെൻറ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.