കുവൈത്തിൽ ഉച്ചജോലി വിലക്ക് കാലാവധി അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് അവസാനിച്ചു. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കുണ്ടായിരുന്നത്. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല.
രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്.എന്നാൽ, വിലക്ക് ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് പുറംജോലി ചെയ്യിച്ച സംഭവങ്ങളുണ്ടായി. മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിൽ ഇത്തരം നിരവധി നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്മാർട്ട് മെഷീൻ ഉൾപ്പെടെ സംവിധാനങ്ങളുമായാണ് അധികൃതർ പരിശോധനക്കിറങ്ങിയത്. വിവിധ കമ്പനികൾക്ക് പിഴ ചുമത്തി. ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന തോതിലാണ് നിയമപ്രകാരം പിഴ. എത്ര കമ്പനികൾക്ക് പിഴ ചുമത്തി എന്നതിെൻറ വിശദാംശങ്ങൾ വൈകാതെ അധികൃതർ പുറത്തുവിടും.
അതിനിടെ, പുറംജോലി വിലക്ക് അവസാനിച്ചെങ്കിലും രാജ്യത്ത് ചൂട് തുടരുകയാണ്. 43 ഡിഗ്രിക്കടുത്താണ് ഇപ്പോൾ പകൽ സമയത്തെ അന്തരീക്ഷ താപനില. നിർമാണ തൊഴിലാളികൾ ഉൾപ്പെടെ പുറംജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസമായിരുന്നു ഉച്ചജോലി വിലക്ക്. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിനു മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.