60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവർക്ക് ആറുമാസം വിസ നീട്ടിനൽകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനം.
60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതി നിർദേശത്തിൽ മന്ത്രിസഭയുടെ അന്തിമതീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി.
സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻ പവർ അതോറിറ്റി കഴിഞ്ഞ ജനുവരിയിൽ ഉത്തരവിറക്കിയിരുന്നു. അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ മാൻപവർ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്.
വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് 2000 ദീനാർ വാർഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന തരത്തിൽ ഉത്തരവ് ഭേദഗതി ചെയ്തു.
എന്നാൽ, ഈ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 2000 ദീനാർ ഫീസ് ഇൗടാക്കുന്നതുതന്നെ അപക്വമാണെന്നും തൊഴിലാളിയെ നിലനിർത്താൻ കമ്പനികൾക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി പാർലമെൻറ് അംഗങ്ങൾ രംഗത്തുണ്ട്.
ഈ സാഹചര്യത്തിലാണ് 60 കഴിഞ്ഞ വിദേശികളിൽ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആറുമാസം കൂടി വിസ നീട്ടി നല്കാന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യ വകുപ്പ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.