ശ്രദ്ധേയമായ ഇടപെടലുകൾ, സമാധാന തൽപരൻ
text_fieldsകുവൈത്ത് സിറ്റി: സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ രാജ്യത്തെത്തിയ മറ്റു രാജ്യക്കാർക്കും ശൈഖ് നവാഫ് തുല്യപരിഗണനയാണ് നൽകിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കും ഇതിന്റെ ഗുണഫലങ്ങൾ ഏറെ ലഭിച്ചു. ഗൾഫ് മേഖലയും അറബ് രാജ്യങ്ങളും സംഘർഷത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോഴെല്ലാം ലോകം കുവൈത്ത് അമീറിനെയാണ് ഉറ്റുനോക്കിയത്.
അറബ് രാഷ്ട്രങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളിലും കുവൈത്തിന്റെ മധ്യസ്ഥശ്രമവും നയതന്ത്ര ഇടപെടലുകളും പലതവണ വിജയം കണ്ടു. പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നിലകൊണ്ടതിനാൽ എല്ലാവര്ക്കും കുവൈത്ത് അമീർ സ്വീകാര്യനായിരുന്നു.
ഇറാഖ്, ലബനാൻ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളിലെല്ലാം കുവൈത്ത് അമീറിന്റെ നയതന്ത്ര ഇടപെടലുകൾ ക്രിയാത്മക പ്രതികരണങ്ങൾ സൃഷ്ടിച്ചു. അമീറിന്റെ പിന്തുണയും പ്രശ്നപരിഹാരത്തിന് വേണ്ടിയുള്ള ആത്മാർഥ പരിശ്രമങ്ങളും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അറേബ്യൻ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്കും ശൈഖ് നവാഫ് വലിയ പ്രാധാന്യം നൽകി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ യോഗങ്ങളിൽ സജീവ പങ്ക് വഹിച്ചു. മേഖലയിലെ പൊതുവായ ഭീഷണികൾക്കെതിരെ, പ്രത്യേകിച്ച് തീവ്രവാദവുമായി ബന്ധപ്പെട്ടവക്കെതിരെ ശക്തമായ നിലപാടുകളും കൈക്കൊണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.