ഇനി 5ജി-എ യുഗം; ജൂണോടെ 3ജി സേവനങ്ങൾ നിർത്തലാക്കും
text_fieldsകുവൈത്ത് സിറ്റി: ആശയവിനിമയ സേവനരംഗത്ത് ഏറ്റവും നൂതനമായ 5ജി-എ സാങ്കേതികവിദ്യയിലേക്ക് കുവൈത്ത്. 5ജി-അഡ്വാൻസ്ഡ് നെറ്റ്വർക്ക് തയാറെടുപ്പിന്റെ ഭാഗമായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും നൂതനമായ ആശയവിനിമയ സേവനങ്ങൾ ഉറപ്പു നൽകുന്നതാണ് 5ജി-എ.
2025 ജൂണോടെ കുവൈത്ത് 3ജി സേവനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും 4ജി, 5ജി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി സൗകര്യങ്ങൾ റീഡയറക്ട് ചെയ്യുമെന്നും സിട്രാ ആക്ടിങ് ചെയർമാൻ അബ്ദുല്ല അൽ അജ്മി പറഞ്ഞു. ഡിജിറ്റൽ, ആപ്ലിക്കേഷനുകൾ, മൊബൈൽ കമ്യൂണിക്കേഷൻ നെറ്റ്വർക്ക് എന്നീ സേവനങ്ങളിൽ ഇതൊരു സുപ്രധാന കുതിച്ചുചാട്ടമാകുമെന്നും അൽ അജ്മി വ്യക്തമാക്കി.
5ജി-എ സാങ്കേതികവിദ്യ മൊബൈൽ കമ്യൂണിക്കേഷൻ നെറ്റ്വർക്കുകളുടെ ശേഷി വർധിപ്പിക്കുമെന്നും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ആസ്വദിക്കാൻ കൂടുതൽ 5ജി വരിക്കാരെ അനുവദിക്കുമെന്നും സിട്രാ വ്യക്തമാക്കി. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, 3ഡി വിഡിയോ, ക്ലൗഡ് സേവനങ്ങൾ തുടങ്ങിയ ആധുനിക ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതിനും ഇത് വഴിയൊരുക്കും. ഭാവി പദ്ധതികളിൽ സെക്കൻഡിൽ 10 ഗിഗാബൈറ്റ്സ് വരെ നിരക്കിൽ അതിവേഗ ഡാറ്റാ കൈമാറ്റവും സാധ്യമാക്കും. സ്മാർട്ട് സിറ്റികൾ പോലുള്ളവക്കും ഇത് ഗുണം ചെയ്യും.
സർക്കാർ, വ്യവസായം, വാണിജ്യം, വ്യക്തിഗത ഉപയോക്താക്കൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും. അൽ ഹംറ ടവർ ഷോപ്പിങ് സെന്ററിൽ ഗേറ്റ് അഞ്ചിന് സമീപം മൂന്ന് ദിവസത്തേക്ക് 5ജി-എ സാങ്കേതികവിദ്യ അനുഭവിക്കാൻ ഉപയോക്താക്കൾക്ക് അവസരവും സിട്രാ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.