നഴ്സസ് ദിനാഘോഷം
text_fieldsനൈറ്റിംഗേൽസ് ഓഫ് കുവൈത്ത് നഴ്സസ് ദിനാചരണം ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു
നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്
കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ‘നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്’ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ 'നൈറ്റിംഗേൽസ് ഗാല - 2023' എന്ന പേരിൽ നടന്ന ആഘോഷം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് മെംബർഷിപ് കാർഡ് പ്രകാശനവും ജീവകാരുണ്യ ഫണ്ട് വിതരണവും അദ്ദേഹം നിർവഹിച്ചു. പ്രസിഡന്റ് സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ഓൺലൈനായി ആശംസ അറിയിച്ചു.
എമിനന്റ് ലീഡർഷിപ് അവാർഡ് മേട്രൺ പുഷ്പ സൂസൻ ജോർജ്, സുജ മാത്യു എന്നിവർക്ക് നൽകി. 25 വർഷം സേവനം പൂർത്തിയാക്കിയവർക്ക് നഴ്സിങ് എക്സലൻസ് അവാർഡുകളും സമ്മാനിച്ചു. ഓൺലൈൻ പ്രസംഗ മത്സരത്തിലെയും പോസ്റ്റർ രൂപകൽപന മത്സരത്തിലെയും വിജയികൾക്കും ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു. നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ജോയന്റ് സെക്രട്ടറി ഷിറിൻ വർഗീസ് സ്വാഗതവും ട്രഷറർ പ്രഭ രവീന്ദ്രൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സുമി ജോൺ, ടീന സൂസൻ തങ്കച്ചൻ എന്നിവർ അവതാരകരായി.
മേട്രൺ സിജി ജോൺ, ഡോ. ഷൈജി കുമാരൻ, ഡോ. ട്വിങ്കിൾ രാധാകൃഷ്ണൻ, ശ്രീജിത്ത് മോഹൻദാസ്, റോയി കെ. യോഹന്നാൻ, ചെസിൽ ചെറിയാൻ, മനോജ് മാവേലിക്കര, ജേക്കബ് എം. ചണ്ണപ്പേട്ട, ഭവിത ബ്രൈറ്റ് എന്നിവർ സംബന്ധിച്ചു.ഡിലൈറ്റ്സ് മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്ന്, മറ്റ് സംസ്കാരിക പരിപാടികൾ എന്നിവ ആഘോഷരാവിനെ ആകർഷകമാക്കി. ഭാരവാഹികളായ സുമി ജോൺ, സുദേഷ് സുധാകർ, ഷീജ തോമസ്, ട്രീസ എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്‍ഫോക്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനം ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇന്‍ഫോക്) ‘ഫ്ലോറെൻസ് ഫിയെസ്റ്റ-2023’ എന്ന പേരിൽ ആഘോഷിച്ചു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി ഇന്ത്യന്‍ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തൊർ, കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്സിങ് സർവിസ് ഡിപ്പാർട്മെന്റിലെ ഹനിൻ അൽ റാഷിദി, ഫാ. ഡേവിസ് ചിറമേൽ, ജോബിൻ പി. ജോൺ, കെ.ഒ. മാത്യു, സത്യജിത് നായർ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ദീര്‍ഘനാളായി കുവൈത്തില്‍ ജോലി ചെയ്യുന്ന മുതിർന്ന നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. ‘മിറർ 2023’ എന്ന ഇന്‍ഫോക്കിന്റെ മാഗസിനും പ്രകാശനം ചെയ്തു. സെക്രട്ടറി രാജലക്ഷ്മി ഷൈമേഷ് സ്വാഗതവും ജോബി ഐസക്ക് നന്ദിയും പറഞ്ഞു.
അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന്, മഹേഷ് കുഞ്ഞുമോന്റെ കോമഡി ഷോ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. 2015ല്‍ ജഹ്റ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഇന്‍ഫോക് കുവൈത്തിലെ മുഴുവൻ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും അംഗത്വം എടുക്കാന്‍ അവസരം ഒരുക്കുകയും യൂനിറ്റുകള്‍ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഫോക് നഴ്സസ് ദിനാഘോഷം അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.