നഴ്സിങ് റിക്രൂട്ട്മെൻറ്: നോർക്ക പ്രതിനിധി കുവൈത്തിൽ; ആദ്യഘട്ട ചർച്ച ഫലപ്രദം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നോർക്ക വഴിയുള്ള നഴ്സിങ് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. ഇതിെൻറ ഭാഗമായി കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെൻറ് സെക്രട്ടറി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി ചർച്ച നടത്തി. ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായി നടത്തിയ പ്രാഥമിക ചർച്ച ഫലപ്രദമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നോർക്ക റിക്രൂട്ട്മെൻറ് മാനേജർ അജിത് കാളാശേരിയോടൊപ്പം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യു.എസ്. സിബി, ലേബർ അറ്റാഷെ അനിത ചത്പലിവാർ, നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗറുമായും അജിത് കാളാശേരി ചർച്ച നടത്തി. ആരോഗ്യ മന്ത്രാലയവുമായി ചർച്ച തുടരുമെന്നും നോർക്ക വഴി കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെൻറ് സാധ്യമാവുമെന്നു പ്രതീക്ഷിക്കുന്നതായും നോർക്ക റിക്രൂട്ട്മെൻറ് മാനേജർ പറഞ്ഞു. കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസികളിൽ പരിമിതപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും കുവൈത്ത് പിൻവാങ്ങിയതിനാൽ റിക്രൂട്ട്മെൻറ് നടന്നിരുന്നില്ല.
സുതാര്യത ഉറപ്പാക്കാമെന്ന് ഇന്ത്യൻ എംബസി മുഖേന നോർക്ക കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. റിക്രൂട്ട്മെൻറിന് ഏജൻസികൾ വൻതുക കോഴ വാങ്ങുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു റിക്രൂട്ട്മെൻറ് ചുമതല സർക്കാർ ഏജൻസികളെ ഏൽപിച്ചത്. നോർക്കയിൽ കൺസൽറ്റൻറായിരുന്ന ആൾ വിവരം ചോർത്തുകയും ബംഗളൂരുവിൽ സമാന്തര റിക്രൂട്ട്മെൻറിന് ശ്രമം നടത്തുകയും ചെയ്ത വിവരം അറിഞ്ഞ് കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്മെൻറിൽനിന്ന് പിന്മാറുകയായിരുന്നു. ഹൈദരാബാദിലെ തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി വഴി റിക്രൂട്ട്മെൻറ് നടത്താനുള്ള ശ്രമവും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചു. ഇൗ പശ്ചാത്തലത്തിലാണ് സുതാര്യത ഉറപ്പുനൽകി റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ നോർക്ക ശ്രമം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.