നുസൈറത് ക്യാമ്പ് ആക്രമണം: ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സെൻട്രൽ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ക്രൂരമായ കൂട്ടക്കൊലയെ കുവൈത്ത് അപലപിച്ചു. ഇസ്രായേൽ ആക്രമണം നിരപരാധികളുടെ രക്തസാക്ഷിത്വത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ നശിക്കാനും കാരണമായതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ തുടരുകയാണെന്ന് ഈ ആക്രമണം കാണിക്കുന്നു. ഇസ്രായേൽ ആക്രമണം തടയുന്നതിനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുന്നതിനും അടിയന്തരവും കർശനവുമായ നടപടികൾ കൈക്കൊള്ളാൻ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 ഫലസ്തീനികൾ കൊല്ലപ്പെടുകയും 84 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2023 ഒക്ടോബർ ഏഴുമുതൽ ഇസ്രായേൽ ഗസ്സക്കുനേരെ വംശഹത്യ യുദ്ധം ശക്തിപ്പെടുത്തിയതിൽ ഇതുവരെ 44,835 പേർ കൊല്ലപ്പെടുകയും 1,06,356 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. 11,000ലധികം ആളുകളെ കാണാതായിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇവർ അകപ്പെട്ടിരിക്കാമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.