ആറിന് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യും; വികസന റോഡ്മാപ്പുമായി സർക്കാർ
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഫെബ്രുവരി ആറിന് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി സർക്കാർ-പാർലമെന്റ് സംയുക്ത കോഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം സർക്കാറുമായുള്ള ഏകോപനത്തിനുള്ള പാർലമെന്ററി കമ്മിറ്റി അംഗങ്ങൾ, ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ അസംബ്ലി കാലാവധിയുടെ തുടക്കത്തിൽ മുൻ സർക്കാറുമായി ചേർന്ന് രൂപീകരിച്ച നിയമനിർമാണ റോഡ്മാപ്പ് വിപുലീകരിക്കുന്നതു സംബന്ധിച്ച് യോഗം വിലയിരുത്തി.
ദേശീയ അസംബ്ലി സമ്മേളനത്തിന് മുമ്പ് സർക്കാർ അതിന്റെ പ്രവർത്തന പരിപാടി തയാറാക്കുമെന്നും നിയമനിർമാണ റോഡ്മാപ്പ് ഭേദഗതി ചെയ്യണമെങ്കിൽ സർക്കാറും നിയമസഭയും ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാർ ദേശീയ അസംബ്ലിയുമായി നിയമനിർമാണങ്ങൾ ചർച്ച ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള കൃത്യമായ പദ്ധതിയിൽ എത്തിയിരുന്നു. അസംബ്ലിയും സർക്കാറും നിരവധി സുപ്രധാന നിയമനിർമാണങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. ഡിസംബർ 19 മുതൽ മറ്റു നിയമനിർമാണങ്ങളുടെ ചർച്ചകൾ അജണ്ടകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഡിസംബർ 16 ന് മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗവും സർക്കാറിന്റെ രാജിയും അസംബ്ലി സമ്മേളനത്തെ തടസ്സപ്പെടുത്തി. സർക്കാർ രാജിവെച്ചതിനാൽ പിന്നീട് അസംബ്ലി സമ്മേളനങ്ങളും നടന്നില്ല. ഇതിനിടെ, ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിമിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.
പുതിയ മന്ത്രിസഭ രൂപവത്കരണം പൂർത്തിയായതോടെ അസംബ്ലി സമ്മേളനങ്ങൾ ഇനി തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ. പ്രവാസികൾക്ക് കുടുംബവിസ അനുവദിക്കുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങൾ ദേശീയ അസംബ്ലിയുടെ മേശപ്പുറത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.