‘ഗസ്സയിലെ അധിനിവേശത്തിന് അറുതി വേണം’
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന അധിനിവേശമാണ് എല്ലാ സംഘര്‍ഷങ്ങളുടെയും മൂലകാരണമെന്ന് ബൈത്തുൽ മുഖദ്ദസ് റിസർച് സ്കോളറും ഫലസ്തീനിയുമായ എൻജി. നൂറുദ്ദീൻ ഹുസൈൻ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ ഫലസ്തീന് ജനത പതിറ്റാണ്ടുകളായി യാതനകളും ജീവഹാനികളും സഹിച്ചുകൊണ്ടിരിക്കുകയാണ്. ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവശ്യസേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഗസ്സയെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ വൈദ്യുതിയും വെള്ളവും ഇന്ധനവും നിർത്തലാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നത് ഹൃദയഭേദകമാണെന്ന് എൻജി. നൂറുദ്ദീൻ ഹുസൈൻ വിശദീകരിച്ചു. അൽ ഖുദ്സ് ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലുള്ള വിഡിയോ പ്രസന്റേഷനും അദ്ദേഹം നേതൃത്വം നൽകി.
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി സ്വതന്ത്രമായ ഫലസ്തീന് രാഷ്ട്രമാണെന്ന് ഐക്യദാർഢ്യ സംഗമം വ്യക്തമാക്കി. ഫലസ്തീനികളുടെ മണ്ണും ജീവിതവും അവര്‍ക്ക് തിരികെ നല്‍കണം. ഇസ്രായേലിന്റെ അധിനിവേശ മോഹങ്ങള്‍ ഉപേക്ഷിക്കണമെന്നും സംഗമം വ്യക്തമാക്കി. ഖുർആൻ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനം എൻജി. നൂറുദ്ദീൻ ഹുസൈൻ വിതരണം ചെയ്തു. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർകസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.