എണ്ണച്ചോർച്ച പൊതുജനാരോഗ്യത്തെ ബാധിക്കില്ല
text_fieldsകുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ച രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ എണ്ണച്ചോർച്ച നിയന്ത്രണവിധേയമാണെന്നു കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) അധികൃതർ അറിയിച്ചു. പ്രത്യേക എമർജൻസി ടീമുകൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ചോർച്ച പൂർണമായി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിനും ശ്രമങ്ങൾ തുടരുകയാണെന്നും ഓയിൽ കമ്പനി വക്താവ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഖുസൈ അൽ അമർ പറഞ്ഞു.
അപകടഫലമായി പൊതുജനാരോഗ്യത്തിനോ സുരക്ഷക്കോ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മോണിറ്ററിങ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ ഫലങ്ങളും അനുവദനീയ പരിധിക്കുള്ളിലാണ്. ഉൽപാദന, കയറ്റുമതി പ്രക്രിയകൾ സാധാരണ നിലയിലാണെന്നും ചേർച്ച അവയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ എണ്ണപ്പാടത്ത് ചോർച്ച കണ്ടെത്തിയത്. തുടർന്ന് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തകരാർ പൂർണമായും നിയന്ത്രണവിധേയമാകുന്നതോടെ അടിയന്തരാവസ്ഥ പിൻവലിക്കുമെന്നാണ് സൂചന.
എണ്ണ പുറത്തേക്കു പോകുന്നത് കണ്ടെത്തിയതിന് പിറകെ അധികൃതർ അടിയന്തര ഇടപെടൽ നടത്തിയിരുന്നു. ഇത്തരം കേസുകളിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര കമ്പനിയുടെ സഹായം തേടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.
കുവൈത്ത് ഓയിൽ കമ്പനി സി.ഇ.ഒ അഹ്മദ് അൽ ഐദാൻ സംഭവസ്ഥലത്ത് സന്ദർശനം നടത്തി. കമ്പനി ഉദ്യോഗസ്ഥർ, സൈറ്റിലെ എമർജൻസി മാനേജ്മെന്റ് സൂപ്പർവൈസർമാർ എന്നിവർ ഉടൻ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചു. അപകടനിമിഷം മുതൽ സ്വീകരിച്ച നടപടികൾ തൊഴിലാളികൾക്ക് പരിക്കുകൾ ഒഴിവാക്കുന്നതിൽ വിജയിച്ചു. ബന്ധപ്പെട്ട എല്ലാ ടീമുകളും സ്ഥലത്തുണ്ടെന്നും നടപടിക്രമങ്ങൾക്കനുസൃതമായി ചോർച്ച കൈകാര്യം ചെയ്യുന്നുണ്ടെന്നും കെ.ഒ.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.