ഒളിമ്പിക്സ്: വ്യക്തിഗത നേട്ടങ്ങളിൽ മികവ്
text_fieldsകുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സ് തുഴച്ചിൽ മത്സരത്തിന്റെ നിർണായക റൗണ്ടിലെത്തുന്നതിൽ കുവൈത്ത് തുഴച്ചിൽ താരം സുആദ് അൽ ഫഖാൻ പരാജയപ്പെട്ടു. വനിതകളുടെ വ്യക്തിഗത മത്സരത്തിൽ പ്രാഥമിക യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്ത് എത്താനേ സുആദ് അൽ ഫഖാന് കഴിഞ്ഞുള്ളൂ.
അതേസമയം, പ്ലേ ഓഫ് യോഗ്യതാ മത്സരത്തിൽ അൽ ഫഖാൻ 8:28.89 എന്ന മികച്ച സമയം കുറിച്ച് പുതിയ വ്യക്തിഗത റെക്കോഡിട്ടു. ശനിയാഴ്ച നടന്ന പ്രാഥമിക യോഗ്യതാ മത്സരത്തിലും സുആദ് അൽ ഫഖാൻ നാലാം സ്ഥാനത്തായിരുന്നു. തുടർന്ന് നാലാം സ്ഥാനം മുതൽ ആറാം സ്ഥാനം വരെയുള്ളവർക്കുള്ള രണ്ടാമത്തെ അവസരമായ മത്സരമാണ് ഞായറാഴ്ച നടന്നത്. ഇതിലും നാലാമതായതോടെ കുവൈത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. മത്സരത്തിൽ ആദ്യ രണ്ടു സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഒളിമ്പിക് ഗെയിംസിൽ മറൈൻ സ്പോർട്സിൽ പങ്കെടുക്കുന്ന ആദ്യ കുവൈത്ത് വനിതയാണ് സുആദ് അൽ ഫഖാൻ. നീന്തലിൽ 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ ലാറ ദഷ്തിക്ക് അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. അതേസമയം 1:15:67 എന്ന പുതിയ വ്യക്തിഗത റെക്കോഡ് സ്ഥാപിക്കാൻ ലാറക്ക് കഴിഞ്ഞു.
താരങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവുമായി മന്ത്രി
കുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന കുവൈത്ത് താരങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവുമായി യുവജനകാര്യ സഹമന്ത്രി അമതൽ അൽ ഹുവൈല. ഒളിമ്പിക് വേദിയിലെത്തിയ സാമൂഹിക-കുടുംബ-ബാലാവകാശ മന്ത്രി കൂടിയായ അൽ ഹുവൈല കുവൈത്ത് താരങ്ങളുടെ പങ്കാളിത്തത്തിൽ അഭിമാനം പ്രകടിപ്പിച്ചു. ഫെൻസിങ് താരം യൂസഫ് അൽ ഷംലാൻ, തുഴച്ചിൽ താരം സുആദ് അൽ ഫഖാൻ എന്നിവരുടെ മത്സരങ്ങൾ കാണാൻ അൽ ഹുവൈല സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കുവൈത്ത് അത്ലറ്റുകൾക്ക് അന്താരാഷ്ട്ര കായിക പരിചയമുണ്ടെന്നും താരങ്ങളുടെയും അഡ്മിനിസ്ട്രേറ്റീവ് ടീമുകളുടെയും മികച്ച പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.രാജ്യത്തെ കായിക താരങ്ങൾക്ക് കുവൈത്ത് രാഷ്ട്രീയ നേതൃത്വം പൂർണ പിന്തുണ നൽകുന്നുണ്ടെന്നും വ്യക്തമാക്കി.കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹും സംഘത്തെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.