സൗഹൃദത്തിന് കൂടുതൽ ഇഴയടുപ്പം നൽകി കുവൈത്തും ഒമാനും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ഒമാനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് കൂടുതൽ ഇഴയടുപ്പം നൽകി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിൽ നിന്ന് മടങ്ങി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും കുവൈത്ത് വിമാനത്താവളത്തിൽ യാത്രയയപ്പു നൽകി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ്, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, കാബിനറ്റ് കാര്യ സഹമന്ത്രി ഷെരീദ അൽ മുഅഷർജി, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അത്തിഖിയും മറ്റ് നിരവധി ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.
ഒമാൻ സുൽത്താന്റെ സന്ദർശനത്തോടനുബന്ധിച്ച് വ്യാവസായിക, നിക്ഷേപ, സാമ്പത്തിക, നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നാല് ധാരണാപത്രങ്ങൾ കുവൈത്തും ഒമാനും കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഒമാൻ സുൽത്താൻ സുൽത്താനുമായി ഔദ്യോഗിക ചർച്ചയും നടത്തി. കുവൈത്തും ഒമാനും തമ്മിലുള്ള ചരിത്രപരമായ അടുപ്പവും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും ഇരുവരും വിലയിരുത്തി.
ജി.സി.സി രാജ്യങ്ങളുടെ പുരോഗതിയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ, പൊതുവായ താത്പര്യമുള്ള മറ്റു പ്രധാന വിഷയങ്ങൾ, പ്രാദേശികമായും ആഗോളതലത്തിലും നടക്കുന്ന പുതിയ സംഭവങ്ങൾ എന്നിവയും വിലയിരുത്തി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായിരുന്നു. ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും അമീർ തിങ്കളാഴ്ച രാത്രി അത്താഴ വിരുന്നും സംഘടിപ്പിച്ചു. ചൊവ്വാഴ്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖും സംഘവും കുവൈത്തിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കളും രേഖകളും ഉൾകൊള്ളുന്ന അൽ സലാം പാലസ് മ്യൂസിയം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.