27ാം രാവ് തിങ്ങിനിറഞ്ഞ് പള്ളികൾ
text_fieldsകുവൈത്ത് സിറ്റി: റമദാൻ അവസാന പത്തോടെ സജീവമായ പള്ളികൾ ഇരുപത്തിയേഴാം രാവിൽ വിശ്വാസികളാൽ തിങ്ങിനിറഞ്ഞു. തറാവീഹ്, ഖിയമുലൈൽ എന്നിവക്കായി പതിനായിരങ്ങളാണ് രാജ്യത്തെ പ്രധാന പള്ളികളിൽ തിങ്കളാഴ്ച രാത്രി എത്തിയത്.
രാജ്യത്തെ പ്രധാന പള്ളികളായ ഗ്രാൻഡ് മസ്ജിദ്, ബിലാൽ ബിൻ റബാഹ് മസ്ജിദ് എന്നിവിടങ്ങൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. പള്ളികൾക്ക് അകവും മുറ്റവും നിറഞ്ഞതോടെ നമസ്കാരത്തിനെത്തിയവരുടെ നിര റോഡിലേക്കും തെരുവുകളിലേക്കും നീണ്ടു.
ആളുകൾക്ക് പ്രയാസംകൂടാതെ പ്രാർഥന നടത്താനുള്ള അന്തരീക്ഷവും സൗകര്യവും എല്ലാ പള്ളികളിലും ഒരുക്കിയിരുന്നു. ഗ്രാൻഡ് മസ്ജിദ്, ബിലാൽ ബിൻ റബാഹ് മസ്ജിദ് എന്നിവിടങ്ങളിൽ പാർക്കിങ് ഏരിയകളിൽനിന്ന് പള്ളിയിലേക്കും തിരിച്ചും പ്രത്യേക വാഹനസൗകര്യവും ചായ, ജ്യൂസ്, ലഘുഭക്ഷണം എന്നിവയും ഒരുക്കി.
സുരക്ഷ സംവിധാനങ്ങളും ആരോഗ്യപരിശോധന സൗകര്യവും ഒരുക്കി. ഗ്രാൻഡ് മസ്ജിദിൽ പ്രാർഥനക്ക് ശൈഖ് ഫഹദ് അൽ കന്ദരിയും ശൈഖ് മെഷാരി അൽ അഫാസിയും നേതൃത്വം നല്കി. പതിനായിരത്തിലധികം വിശ്വാസികളാണ് ഗ്രാൻഡ് മസ്ജിദില്‍ രാത്രി നമസ്കാരത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്സബാഹ് ഉൾപ്പെടെയുള്ളവര്‍ ജൂനൂബ് സുറയിലെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ നടന്ന പ്രാർഥനയില്‍ പങ്കെടുത്തു. രാജ്യത്തെ ചെറുതും വലുതുമായ മറ്റു പള്ളികളിലും തറാവീഹ്, ഖിയമുലൈൽ നമസ്കാരം നടക്കുന്നുണ്ട്. പല പള്ളികളിലും വ്യത്യസ്ത സമയത്താണ് നമസ്കാരം എന്നതിനാൽ ആളുകൾക്ക് പങ്കെടുക്കാൻ സൗകര്യമാണ്.
കർമങ്ങൾക്ക് ആയിരം മടങ്ങ് പ്രതിഫലം പ്രതീക്ഷിക്കുന്ന റമദാനിലെ അവസാന നാളുകളിൽ സ്രഷ്ടാവിനു മുന്നില്‍ മനമുരുകി പ്രാർഥിച്ചും അനുഗ്രഹങ്ങൾ തേടിയും പള്ളിയിൽ കഴിഞ്ഞുകൂടിയ ജനങ്ങൾ പുലർച്ചയോടെയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.