ഒരുമിച്ചോണം...സാന്ത്വനം പകരുന്നൊരോണം...
text_fieldsകുവൈത്ത് സിറ്റി: ആഹ്ലാദാരവങ്ങളുടെ ഓണക്കാലത്ത്, അതൊട്ടുമില്ലാതെ പലയിടങ്ങളിലായി ഒതുങ്ങിപ്പോയ മനുഷ്യരെ ചേർത്തുപിടിച്ച് സന്തോഷത്തിന്റെ സദ്യയൂട്ടുകയാണ് സാന്ത്വനം കുവൈത്ത്. ഓണക്കോടി, ഓണസദ്യ, ഓണക്കിറ്റ്, സാമ്പത്തികസഹായം എന്നിവയുമായി സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ഈ ഓണക്കാലത്തും സാന്ത്വനം കുവൈത്ത് ചേർത്തുപിടിക്കും.
കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലും മംഗലാപുരത്തുമായി 24 സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഓണനാളിൽ സാന്ത്വനം കുവൈത്തിന്റെ ഓണക്കോടിയും ഓണക്കിറ്റും ഓണസദ്യയുമെത്തും. വിവിധ കുടുംബങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സംഭാവനയും വിദ്യാഭ്യാസ സഹായവും ഇതിനൊപ്പം തുടരും.
ഓണാഘോഷ സഹായങ്ങൾക്കായി 8,72,000 രൂപയാണ് ചെലവഴിക്കുന്നത്. ആറു മാസമായി സർക്കാർ ധനസഹായം മുടങ്ങിയ ആറായിരത്തോളം എൻഡോസൾഫാൻ ബാധിതരായ കാസർകോട്ടെ കുട്ടികളുടെ കുടുംബങ്ങളിൽ ഏറ്റവും അർഹരായ 100 പേർക്ക് 2000 രൂപ വീതം ഓണക്കാലത്ത് സാന്ത്വനം കൈമാറും. പ്രതിമാസം ചികിത്സാസഹായം നൽകുന്ന 71 കുടുംബങ്ങൾക്ക് ഓണസമ്മാനമായി 2000 രൂപ നൽകി.
രണ്ടു വർഷമായി വിദ്യാഭ്യാസ ധനസഹായം നൽകിയ 17 വിദ്യാർഥികൾക്ക് ഓണത്തിന് പുതുവസ്ത്രം വാങ്ങാൻ 3000 രൂപ വീതവും നൽകിക്കഴിഞ്ഞു. 20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവർത്തിക്കുന്ന സാന്ത്വനം ജീവകാരുണ്യ-ചികിത്സ രംഗത്ത് സജീവമാണ്. നാട്ടിലും കുവൈത്തിലും പ്രയാസപ്പെടുന്ന നിരവധി പേർക്ക് ഇതിനകം സാന്ത്വനം തണലേകിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണയാണ് സാന്ത്വനം കുവൈത്തിന്റെ സാമ്പത്തിക ഉറവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.