കെങ്കേമമാകട്ടെ ആഘോഷം
text_fieldsകാണം വിറ്റും ഓണം ഉണ്ടിരുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, കഴിഞ്ഞ രണ്ടുവർഷക്കാലം ലോകത്തെ മുഴുവൻ സ്തംഭിച്ചുനിർത്തിയ കൊറോണ എന്ന മഹാവിപത്ത് മനുഷ്യകുലത്തിനു നൽകിയ ദുരനുഭവം ചെറുതല്ല. നിന്നിടത്ത് ഒതുങ്ങിക്കൂടിയ നാളുകളായിരുന്നു അത്. ജീവിതം നിലയില്ലാക്കയമായ നിമിഷങ്ങൾ, ജീവിതത്തോട് വിരക്തി തോന്നിയ ദിനങ്ങൾ. ചുറ്റും കണ്ണീരും മരണവാർത്തകളും നിറഞ്ഞിരുന്ന മാസങ്ങൾ. നഷ്ടമായ കൂടപ്പിറപ്പുകൾ അനേകം. എല്ലാറ്റിനും ഒരന്ത്യം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ട നാളുകൾ. മറ്റുള്ളവരുമായുള്ള സമ്പർക്കത്തിൽ കൊറോണ വൈറസ് തടസ്സംനിന്ന ആ നാളുകളിലും മനുഷ്യനന്മ എന്നത് ഏവരെയും കോർത്തിണക്കി. നമ്മൾ ഒറ്റക്കെട്ടായിനിന്ന് മഹാമാരിയോട് പൊരുതി. 'ഈ സമയവും കടന്നുപോകും' എന്ന് പ്രത്യാശയോടെ പ്രതീക്ഷ പുലർത്തി.
അങ്ങനെ ഇരുൾമൂടിയ ആ ദിനങ്ങൾ കടന്നുപോയി വീണ്ടും ഒരോണക്കാലം എത്തിയിരിക്കുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൊൻകിരണങ്ങൾ പടരുമ്പോൾ, വീണ്ടും അത്യുജ്ജ്വലമായി ഓണം ആഘോഷിക്കാൻ അണിഞ്ഞൊരുങ്ങുകയാണ് കുവൈത്ത് മലയാളികൾ.
നാട് ഓർമകൾ തൊട്ടുണർത്തുന്നതും കേരളത്തേക്കാൾ പ്രൗഢഗംഭീരമായി തനത് ശൈലിയിൽ ഒത്തുകൂടുകയാണ് വിവിധ മലയാളി സംഘടനകളും കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ പാതാളത്തിലേക്കാഴ്ത്തി വിജയമാഘോഷിക്കുന്ന ഒരോണംകൂടി ആണിത്.
പണ്ടത്തെ ഒത്തുചേരലുകൾക്കു വിപരീതമായി ജാഗ്രത ഏറെ പുലർത്തേണ്ടുന്ന ഒന്ന്. നാം വെക്കുന്ന തിരുവാതിരകളിയുടെ ഓരോ ചുവടിനും ഒരുക്കുന്ന അത്തപ്പൂക്കളത്തിന്റെ ഓരോ പൂവിലും കഴിക്കുന്ന ഓണസദ്യയുടെ ഓരോ ഉരുളച്ചോറിലും ജാഗ്രത അനിവാര്യം.
ഇനിയും ഒരു മഹാമാരി ഉൾക്കൊള്ളാനുള്ള പാങ്ങ് ഒരു മനുഷ്യനുമില്ല. ആരോഗ്യ കരുതൽ നിലനിർത്തിയും സൂക്ഷ്മത പാലിച്ചും സന്തോഷം നിറഞ്ഞ നല്ല നാളുകളെ വീണ്ടും വരവേൽക്കാം. ഓണം കെങ്കേമം ആകട്ടെ കുവൈത്തിൽ എങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.