ഓണമിങ്ങെത്തി, ആഘോഷത്തിനൊരുങ്ങി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: വീണ്ടുമൊരു ഓണക്കാലമെത്തുന്നു. നാട്ടിൽ നിന്നു ഒരുപാടു ദൂരെയാണെങ്കിലും ആഘോഷങ്ങൾക്കു ഒട്ടും മാറ്റ് കുറക്കാതെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത് പ്രവാസികളും.
മലയാളി കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുവൈത്തിലെ വലുതും ചെറുതുമായ എല്ലാ സംഘടനകളും ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. പ്രവാസലോകത്ത് ഓണാഘോഷം മാസങ്ങളോളം തുടരുന്നതാണ്. സ്കൂൾ അവധിക്കാലമായതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോൾ നാട്ടിലാണ്.
ഈ മാസം 29നാണ് ഓണം. സെപ്റ്റംബർ ആദ്യവാരത്തോടെ മിക്ക കുടുംബങ്ങളും തിരികെ എത്തും. സെപ്റ്റംബർ ആദ്യ വെള്ളിയാഴ്ച മുതൽ കുവൈത്തിൽ ആഘോഷങ്ങൾക്കു തുടക്കമാകും. ഓണം മുതലുള്ള വെള്ളിയാഴ്ചകൾ ആഘോഷങ്ങൾക്കായി പലരും മുൻകൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞു.
പ്രവാസ സംഘടനകൾ, കൂട്ടായ്മകൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ ഓണസദ്യയും ഓണക്കളികളും മാവേലി വരവും കൊണ്ട് ഇനി വാരാന്ത്യങ്ങളെ ആഘോഷമാക്കും. നാട്ടിൽനിന്ന് എത്തുന്ന മലയാളികളുടെ ബാഗേജുകളിൽ ഓണ വിഭവങ്ങൾ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.
വറുത്തതും പൊരിച്ചതിനും ഹലുവയും ഉണ്ണിയപ്പവും കൊണ്ടുവരുന്ന ലഗേജിൽ ഇപ്പോൾ പപ്പടവും ശർക്കര വരട്ടിയതും കായവറുത്തതും നാടൻ അച്ചാർ കുപ്പിയും സഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്. പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാനുള്ള സാധനങ്ങൾ കൊണ്ടുവരാൻ നാട്ടിൽനിന്ന് വരുന്നവരോട് സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നുമുണ്ട്.
‘മാവേലി’യെ ഒരുക്കിയെടുക്കാൻ മാവേലിയുടെ ഉടയാടകളും കുടയും മുടിയും ചമയങ്ങളും നാട്ടിൽ നിന്ന് എത്തിക്കുന്നവരുമുണ്ട്. ഓണാഘോഷത്തിന്റെ പൊലിമയായ തിരുവാതിരക്കളിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും കൊണ്ടുവരുന്നവരുമുണ്ട്. വർഷങ്ങളായി പ്രവാസ ലോകത്ത് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഓണം അടുത്തതോടെ സജീവമായിട്ടുണ്ട്.
മാവേലി വേഷം കെട്ടുന്നവരും, കലാപരിപാടികൾ അവതരിപ്പിക്കുന്നവരും രംഗത്തിറങ്ങിക്കഴിഞ്ഞു. ഇനി ഒരുമിച്ചുണ്ട്, കളിയും ചിരിയും കലാപരിപാടികളുമായി മലയാളികൾ ഒരുമയുടെ സന്ദേശം ആഘോഷങ്ങളിലൂടെ പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.