ലോകകപ്പ് സ്വപ്നങ്ങളിലേക്ക് ഒരു ഗോൾ: കുവൈത്തിനെതിരെ ഇന്ത്യക്ക് ജയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ തണുത്ത രാത്രിയിൽ ലോകകപ്പ് ഫുട്ബാൾ എന്ന പ്രതീക്ഷയിലേക്ക് ഉണർന്നുകളിച്ച ഇന്ത്യക്ക് കുവൈത്തിനെതിരായ ആദ്യ മത്സരത്തിൽ 1-0 ന്റെ വിജയം. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി 75ാം മിനുറ്റിൽ മൻവീർ സിംഗാണ് ഇന്ത്യക്കായി ഏക ഗോൾ നേടിയത്.
സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കാൻ, ആകാശ് മിശ്ര, മലയാളികളായ സഹൽ അബ്ദുൽ സമദ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ആദ്യ നിരയിൽ തന്നെ കളത്തിലിറങ്ങിയിരുന്നു. ഫഹദ് അൽ ഹജേരിയുടെ നേതൃത്വത്തിൽ കുവൈത്ത് സംഘവും ആത്മവിശ്വാസത്തിലായിരുന്നു. തുടക്കം മുതൽ ഇരു ടീമുകളും പൊരുതിക്കളിച്ചെങ്കിലും ആദ്യ പകുതിയിൽ ആർക്കും ഗോൾ നേടാനായിരുന്നില്ല.
എന്നാൽ 75ാം മിനുറ്റിൽ ചാങ്തെയുടെ മനോഹര അസിസ്റ്റിന് ഫൈനൽ ടച്ച് നൽകി മൻവീർ സിംഗിലൂടെ ഇന്ത്യയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു. കുവൈത്തിലെ സ്റ്റേഡിയത്തിൽ രാത്രിയെ മറികടന്നു ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളികൾ ഉയർന്നു.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ‘എ’യിലെ ഇന്ത്യ-കുവൈത്ത് ആദ്യ മത്സരവും കുവൈത്തിന്റെ ഹോം മാച്ചുമാണ് വ്യാഴാഴ്ച നടന്നത്. ഖത്തർ, അഫ്ഗാനിസ്താൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും. നവംബർ 21ന് കുവൈത്ത് അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടും. ഇതേ ടീമുമായി 2024 ജൂൺ 11ന് കുവൈത്തിൽ മത്സരം നടക്കും. 2024 മാർച്ച് 21ന് ഖത്തറും കുവൈത്തും ഏറ്റുമുട്ടും. മാർച്ച് 26ന് കുവൈത്തിൽ ഖത്തറുമായി മത്സരിക്കും. 2024 ജൂൺ ആറിന് ഇന്ത്യയിൽ കുവൈത്തിന്റെ എവേ മത്സരവും നടക്കും. ഈ മത്സരങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കുവൈത്തിന്റെയും ഇന്ത്യയുടെയും ലോകകപ്പ് ഭാവി.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
ആവേശത്തിന്റെ നീലക്കടലിൽ മുങ്ങി ഗാലറി
കുവൈത്ത് സിറ്റി: മഴ മാറിനിന്ന വൈകുന്നേരം ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയത് പതിനായിരങ്ങൾ. കുവൈത്ത് ദേശീയ പതാകയും നീലക്കുപ്പായങ്ങളുമായി ആരാധകർ സ്റ്റേഡിയം നിറഞ്ഞതോടെ ഗാലറി നീലക്കടലിൽ മുങ്ങി. ഇന്ത്യൻ ടീമിനെ പിന്തുണച്ച് മലയാളികൾ അടക്കമുള്ളവരും സ്റ്റേഡിയത്തിൽ നേരത്തെയെത്തി. കളി തുടങ്ങുന്നതിനും മണിക്കൂറുകൾ മുമ്പ് ഫുട്ബാൾ ആരാധകർ സ്റ്റേഡിയത്തിലെത്തി ആവേശം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ദേശീയ പതാക വീശിയും വാദ്യമേളങ്ങളോടെയും അവർ തങ്ങളുടെ ടീമുകൾക്ക് പ്രോത്സാഹനം നൽകി. മഴ പെയ്തേക്കുമോ എന്ന സംശയം നിലനിന്നിരുന്നുവെങ്കിലും ഒഴിഞ്ഞുനിന്നത് കാണികൾക്ക് ആശ്വാസമായി.
2026 ലോകകപ്പ് ഫുട്ബാൾ, 2027 ഏഷ്യൻ കപ്പ് എന്നിവയുടെ പ്രിലിമിനറി ക്വാളിഫയർ മത്സരത്തിനാണ് വ്യാഴാഴ്ച കുവൈത്ത് സാക്ഷിയായത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ‘എ’യിലെ ഇന്ത്യ-കുവൈത്ത് ആദ്യ മത്സരവും കുവൈത്തിന്റെ ഹോം മാച്ചുമാണ് വ്യാഴാഴ്ച നടന്നത്. 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യതക്കായുള്ള ഫലസ്തീൻ-ആസ്ട്രേലിയ മത്സരവും നവംബർ 21ന് ജാബിർ അൽ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. കുവൈത്തിന്റെ തുടർകളിക്ക് അടുത്ത വർഷമാകും ഇനി ജാബിർ സ്റ്റേഡിയം സാക്ഷിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.