ക്ഷാമം പരിഹരിക്കൽ: തുർക്കി ഉള്ളി വിപണിയിലെത്തുന്നു; അഞ്ചു കിലോക്ക് ഒരു ദീനാർ
text_fieldsകുവൈത്ത് സിറ്റി: തുർക്കിയിൽനിന്ന് ഇറക്കുമതിചെയ്ത് വിപണിയിലെ ഉള്ളിക്ഷാമം പരിഹരിക്കാൻ തീരുമാനം. കോഓപറേറ്റിവ് യൂനിയൻ മേധാവി അലി അൽ കന്ദരിയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു കിലോ തൂക്കംവരുന്ന ഒരു കീസ് ജംഇയ്യകൾക്ക് 910 ഫിൽസിന് ലഭ്യമാക്കാമെന്ന് തുർക്കി അധികൃതർ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് ഒരു ദീനാറിനാണ് വിൽക്കുക.
10 കിലോയുള്ള ഒരു ചാക്ക് സഹകരണ സംഘങ്ങൾക്ക് 1.820 ഫിൽസിന് ലഭിക്കുമ്പോൾ ഉപഭോക്താക്കൾ രണ്ടു ദീനാർ നൽകേണ്ടിവരും. പുതിയ നിരക്കിൽ തുർക്കി ഉള്ളി എത്തുന്നതോടെ ഇപ്പോൾ അനുഭവപ്പെടുന്ന ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുട്ടിച്ചേർത്തു. രാജ്യത്ത് ഉള്ളിക്ഷാമം അനുഭവപ്പെടുകയും വില കുത്തനെ കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ ഈജിപ്തിൽനിന്ന് ഉള്ളി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അധികൃതർ അടുത്തിടെ പിൻവലിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടും ക്ഷാമം തീർന്നില്ല. ഇന്ത്യ, ഇറാൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്ത് വിപണിയിലേക്ക് ഉള്ളിയെത്തിക്കൊണ്ടിരുന്നത്.
ഇന്ത്യയിൽനിന്നുള്ള വരവുകുറഞ്ഞതും പരിശോധനാ നടപടികളിൽ കാലതാമസം നേരിട്ടതുമാണ് രാജ്യത്ത് ഉള്ളിക്ഷാമവും വിലവർധനയും അനുഭവപ്പെടാൻ കാരണമെന്നാണ് അധികൃതർ വിശദീകരിച്ചത്. നാലു ദീനാറുണ്ടായിരുന്ന 18 കിലോ ഉള്ളിച്ചാക്കിന് ഒരുഘട്ടത്തിൽ എട്ടു ദീനാർവരെ വില കയറി. വ്യാപകമായി കീടങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈജിപ്തിൽനിന്ന് ഉള്ളിയുടെയും സമാന ഉൽപന്നങ്ങളുടെയും ഇറക്കുമതി നിർത്തിവെച്ചിരുന്നത്. ഇൗജിപ്തിൽനിന്നും ഇപ്പോൾ കടുത്ത പരിശോധനകൾക്ക് വിധേയമായി ഉള്ളി എത്തുന്നുണ്ട്. തുർക്കിയിൽനിന്നുകൂടി എത്തുന്നതോടെ പൊതുവിപണിയിൽ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.