ഓണ്‍ലൈന്‍ തട്ടിപ്പ്; ബാങ്കുകള്‍ ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തിൽ ബാങ്കുകള്‍ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു. ഇതിന്റെ ഭാഗമായി പേമെന്റ് ലിങ്കുകള്‍ സൂക്ഷ്മമായി പരിശോധിക്കും. വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്നാണ് ഇത്.
രാജ്യത്തിനകത്തും പുറത്തേക്കുമുള്ള പണ ഇടപാടുകള്‍ പരിശോധിക്കും. അക്കൗണ്ടിലേക്ക് ലിങ്കുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകകള്‍ പരിശോധനക്കുശേഷം മാത്രം റിലീസ് ചെയ്യാനുള്ള നിർദേശവും ബാങ്കുകള്‍ പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപഭോക്താക്കള്‍ വലിയ തുക സമ്മാനത്തിന് അര്‍ഹമായെന്ന വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പുകളില്‍ മിക്കതും നടക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബാങ്കുകള്‍ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തുമായി ഏകോപിച്ച് തട്ടിപ്പുകാരെ പിടികൂടാനും തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിനും ശ്രമങ്ങള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
മൊബൈൽ ഫോൺ വിളിച്ചും വാട്സ്ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെങ്കില്‍ ഫോണില്‍നിന്നും ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ചോർത്താൻ കഴിയും.
സംശയാസ്പദമായ മെസേജുകൾ കണ്ടാല്‍ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ കാലാവധി എന്നിവ വെളിപ്പെടുത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും. ആകർഷകമായ ഓഫറുകളിൽ ജനങ്ങൾ വീണുപോകുന്നതും തട്ടിപ്പുകാർക്ക് ഗുണകരമാകുന്നു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കഴിഞ്ഞവർഷം ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത് 4,000 ഓളം പരാതികളാണ്. കുറ്റകൃത്യത്തിന് ഇരയായവരിൽ പത്ത് ശതമാനം മാത്രമേ പരാതി നൽകുന്നുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.