ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഓൺലൈൻ ഇടപാടുകൾ നടത്തുന്ന സ്വദേശികളും പ്രവാസികളുമടക്കമുള്ളവർ ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. മൊബൈൽ ഫോണിൽ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടുകള്‍ വേണ്ടത്ര സുരക്ഷിതമല്ലെങ്കില്‍ ഫോണില്‍നിന്ന് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ചോർത്താം. അറിയാത്ത ബാങ്ക് അഭ്യർഥനകളോട് പ്രതികരിക്കരുത്. സംശയാസ്പദ അഭ്യർഥനകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.
ഈ വിഷയത്തിൽ നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ജനങ്ങൾ വീണ്ടും തട്ടിപ്പുകളിൽ വീഴുന്നത് തുടരുകയാണ്.
പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പലരൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ പിടിമുറുക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് പ്രധാനമായും തട്ടിപ്പിൽ ഇരകളാകുന്നത്.
വ്യക്തിഗതവിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് അപകടം വിളിച്ചുവരുത്തും. ആകർഷകമായ ഓഫറുകളിൽ ജനങ്ങൾ വീഴുന്നതും തട്ടിപ്പുകാർക്ക് ഗുണമാകുന്നു.
സംശയാസ്പദ രീതിയിലുള്ള ഫോൺ കാളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനും പ്രതികളെ കണ്ടെത്താനും നല്ല മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.