ഓൺലൈൻ കളികളിൽ നിയന്ത്രണം വേണം
text_fieldsഅടുത്തിടെ വന്ന ഒരു പത്രവാർത്ത വല്ലാതെ വിഷമിപ്പിച്ചു. ബി. കോമിന് പഠിച്ചിരുന്ന ജോസ് (പേരു മാറ്റിയത്) വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ഒഴിവുസമയത്ത് ഒരു കടയിൽ ജോലിക്ക് നിന്നു. ഇതിനിടെ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചു നോക്കിയ ജോസ് എളുപ്പത്തിൽ പണമുണ്ടാക്കാൻ ഏറ്റവും പറ്റിയ മാർഗമായി അതിനെ കണക്കുകൂട്ടി. കളിയിലൂടെ ധനികനായി കുടുംബത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാമെന്ന വ്യാമോഹത്തിലായിരുന്നു ആദ്യ കളികൾ. എന്നാൽ ഇതിനിടെ തുടരെ പരാജയവും സാമ്പത്തിക നഷ്ടവും നേരിട്ടു. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കണം എന്ന ചിന്തയിലായി പിന്നീടുള്ള കളി. ഒരു ഘട്ടത്തിൽ ജോലി ചെയ്തിരുന്ന കടയിൽനിന്ന് ജോസ് 20,000രൂപ മോഷ്ടിച്ചു. കളി ജയിച്ചു ആ തുക തിരിച്ചുവച്ചേക്കാമെന്നു വിചാരിച്ചു. പക്ഷേ നടന്നില്ല. മോഷണം കണ്ട് പിടിച്ചതിലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച്ചു ഒടുക്കം ജോസ് ആത്മഹത്യ ചെയ്തു.
പണം വെച്ചുള്ള ഈ ഗെയിമുകളിൽ ഏർപ്പെടുന്നവർ നിരവധിയാണ്. പലരും ഇതിൽ അറിയാതെ വീണുപോകുകയും വൻ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. മധ്യവയസ്കരും കൗമാരപ്രായക്കാരും എന്നുവേണ്ട മുതിർന്ന പൗരന്മാരും ഇതിന്റെ അടിമകളാണ്. പരസ്യരീതികൾ ജനത്തെ ഇതിലേക്ക് വശീകരിക്കുന്നു.
ഓൺലൈൻ കളികൾ പതിയെ അതിന്റെ അടിമയാക്കുകയും ലഹരിപോലെ പിന്തുടരുകയും ചെയ്യും. സാമ്പത്തിക നഷ്ടം എങ്ങനെയും പണം കണ്ടെത്തുന്നതിനും നിർബന്ധിക്കും. മോഷണം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിലേക്കും ഇത് നയിച്ചേക്കാം. മാനസിക പിരിമുറുക്കത്തിനും ധനനഷ്ടം കാരണമാകും. വിഷാദരോഗം, തലവേദന, ഉറക്കമില്ലായ്മ, ദഹനക്കുറവ്, ആത്മവിശ്വാസം നഷ്ടപ്പെടൽ എന്നിവ കാരണം ഇത്തരക്കാർക്ക് ജീവിതം ദുസ്സഹമായി തീരും.
ഓൺലൈൻ കളികൾക്ക് അടിപ്പെട്ട് പോകുന്നവരെ പെട്ടെന്ന് കൗൺസലിങ്ങിന് വിധേയമാക്കി അതിൽനിന്ന് മുക്തമാക്കണം. ഓൺലൈൻ ചൂതുകളികൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്നോ ഇന്റർനെറ്റ് ദാതാക്കളുടെ ഭാഗത്തുനിന്നോ നടപടി വേണം. അതോടൊപ്പം ഇന്റർനെറ്റ് നമ്മെ നിയന്ത്രിക്കുന്നതിനു പകരം നാം സ്വയം നിയന്ത്രിക്കുക എന്നതാണ് പ്രധാന കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.